തിരുവനന്തപുരം : പ്രമുഖ അമേരിക്കൻ മലയാളി കഥാകൃത്തും കവയത്രിയുമായ ഉമ സജിയുടെ “ഒറ്റ നക്ഷത്രം ” എന്ന കവിതാ സമാഹാരം സെപ്തംബർ 6 ന് നോവലിസ്റ്റ് ജോർജ്ജ് ഓണക്കൂർ പ്രകാശനം ചെയ്യും.

രാവിലെ 11 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ ഫോർത്ത് എസ്‌റ്റേറ്റ് ഹാളിൽ ഗവ. അഡീഷണൽ സെക്രട്ടറി എസ്. ഇന്ദു അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വച്ചാണ് ഡോ. ജോർജ് ഓണക്കൂർ പുസ്തക പ്രകാശന കർമ്മം നിർവഹിക്കുന്നത്. സിനിമാ താരം ദിനേശ് പണിക്കർ പുസ്തകം ഏറ്റുവാങ്ങും. കവിയും സാഹിത്യ നിരൂപകനുമായ ഫാ സുനിൽ സി പുസ്തകം പരിചയപ്പെടുത്തും. എഴുത്തുകാരായ എം എസ് വിനോദ് , ത്രേസ്യാമ്മ തോമസ് എന്നിവർ ആശംസാ പ്രസംഗം നടത്തും. ഗ്രന്ഥകർത്താവ് ഉമ മറുപടി പ്രസംഗം നടത്തും.

ഉമ സജിയുടെ രണ്ടാമത്തെ പുസ്തകമാണ് ഈ കവിത സമാഹാരത്തിലൂടെ പുറത്തിറങ്ങുന്നത്. ആദ്യ പുസ്തകം 2021ൽ പ്രസിദ്ധീകരിക്കപ്പെട്ട “ഡാഫോഡിൽസ് പൂക്കും കാലം” എന്ന കഥാസമാഹാരമായിരുന്നു. ഉമ രചന നിർവഹിച്ച 65 കവിതകളുടെ സമാഹാരമാണ് ഒറ്റ നക്ഷത്രം’ എന്ന കവിതാ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഗ്രീൻ ബുക്ക്സ് ആണ് പ്രസാധകർ. പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തത് പ്രശസ്ത കവർ ഡിസൈനർ രാജേഷ് ചേലോട് ആണ്.

കൊല്ലം ജില്ലയിൽ കൊട്ടാരക്കയിലെ ഈലിയോട് എന്ന കൊച്ചുഗ്രാമത്തിൽ ആണ് ഉമയുടെ ജനനം. സ്ക്കൂൾ കാലഘട്ടംമുതൽ തുടങ്ങിയ വായനയും എഴുത്തും ഇടയ്ക്ക് കുറച്ചുകാലം ജീവിതവഴിയിൽ നിലച്ചുപോയെങ്കിലും അമേരിക്കൻ പ്രവാസജീവിതത്തിൽ കോവിഡ് കാലത്ത് വീണ്ടും സജീവമായി. അക്ഷരങ്ങളുടെ, വായനയുടെ, എഴുത്തിന്റെ വിശാലമായ ലോകത്തേക്ക് പുരാണങ്ങളിലെ കഥകളും, കാളിദാസൻ, ഭാസൻ എന്നീ പ്രതിഭാധനരായവരുടെ കൃതികളെക്കുറിച്ചും എല്ലാം പറഞ്ഞുകൊടുത്ത് ഉമയെ കൈപിടിച്ച് കയറ്റിയത് സംസ്കൃതാദ്ധ്യാപകനായിരുന്ന സ്വന്തം അച്ഛനായിരുന്നു.

സ്കൂൾ- കോളജ് കാലഘട്ടങ്ങളിൽ ചെറുകഥ, ഉപന്യാസ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. “ഭാഷാകേരളം”, അമേരിക്കൻ കഥക്കൂട്ടം എന്നീ ആന്തോളജികളികളിലും കവിതയും കഥയും പ്രസിദ്ധീകരിച്ച് ഭാഗമായിട്ടുണ്ട്. ഓൺലൈൻ- നവമാദ്ധ്യമങ്ങളിൽ കഥ, കവിത, ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

ഇപ്പോൾ ന്യൂയോർക്കിലെ ബ്രൂക്കിലിൽ താമസിക്കുന്ന ഉമ സോഷ്യൽവർക്കറായി ജോലിചെയ്യുന്നു സജി. ഭർത്താവ് :സജി കുഞ്ഞുകൃഷ്ണൻ.. മകൻ ഗൗതം കൃഷ്ണ.

ഫ്രാൻസിസ് തടത്തിൽ