ഇടുക്കി: സ്‌കൂട്ടറിൽ ഇടിച്ച ശേഷം നിർത്താതെ പോയ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ ആർ ടി ഓഫീസിൽ നേരിട്ടെത്തി സ്വന്തം കൈപ്പടയിൽ പരാതി എഴുതി നൽകി കുരുന്ന് വിദ്യാർഥിനികൾ. മുരിക്കാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് കുട്ടികളേയും അപകടത്തിൽ പെടുത്തിയ ശേഷം കെ എസ് ആ‌ർ ടി സി ബസ് നിർത്താതെ പോയത് കഴിഞ്ഞ 29 നായിരുന്നു. അന്നത്തെ സംഭവം വിശദീകരിച്ചും വണ്ടിയോടിക്കുന്ന ചേട്ടൻമാരോട് പറയാനുള്ളതുമാണ് ഈ കുരുന്നുകൾ പരാതിയിൽ പറയുന്നത്. 

‘അനുജത്തിക്ക് ബസ് കാണിമ്പോൾ പേടിയാണ്. ഇനിയും ബസ് വന്ന് ഇടിയ്ക്കുമോ എന്നാണ് അനുജത്തി ചോദിക്കുന്നത്. ഇങ്ങനെ ഉണ്ടായതുകാരണം ഞങ്ങൾക്ക് പരീക്ഷ എഴുതാൻ പറ്റിയില്ല. സ്കൂളിൽ പോകാനും കഴിഞ്ഞില്ല. ഓണാഘോഷ പരിപാടിയിൽ കൂടാനും പറ്റിയില്ല. ഞങ്ങൾക്ക് പറ്റിയതുപോലെ വേറെ കുട്ടികൾക്ക് പറ്റാതിരിക്കാൻ വേണ്ടത് ചെയ്ത് നടപടിയെടുക്കണമെന്നും വണ്ടിയോടിക്കുന്ന ചേട്ടൻമാരോട് കുട്ടികളുമായി പോകുന്ന വണ്ടികളെ മറികടക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയണം. ഞങ്ങൾക്ക് സ്കൂളിൽ പോകാനും നന്നായിട്ട് പഠിക്കാനും കൂട്ടുകാരുമൊത്ത് കളിക്കാനുമൊക്കെ ഒരുപാട് സ്വപ്നങ്ങൾ ഉള്ളതാണ്. അതുകൊണ്ട് സർ. ഇതിനൊരു പരിഹാരം ചെയ്തു തരണം’ – എന്നാണ് നിരഞ്ജനാ ലക്ഷ്മി ഇഠുക്കി ആർ ടി ഒ ആർ രമണന്  നൽകിയ പരാതിയിൽ പറയുന്നത്.

അതേസമയം കുട്ടികളുടെ പരാതി കിട്ടിയ ഉടനെ തന്നെ ആർ ടി ഓഫീസർ നടപടി തുടങ്ങി. സംഭവത്തിൽ കേസെടുക്കാനും അപകടമുണ്ടാക്കിയ ബസിന്‍റെ ഡ്രൈവറെ ഓഫീസിൽ വിളിച്ചു വരുത്തി വിശദീകരണം തേടാനും തീരുമാനിച്ചു. തുടർന്ന് നടപടി സ്വികരിക്കുമെന്നും ആ‍ർ ടി ഓഫീസർ ആർ. രമണൻ ഉറപ്പ് പറയുന്നു.

എറണാകുളത്തു നിന്നും കട്ടപ്പനയിലേക്ക് വന്ന ബസാണ് അപകടമുണ്ടാക്കിയത്.  സംഭവം കണ്ട നാട്ടുകാർ ബഹളം വച്ചെങ്കിലും ബസ് നിർത്താതെ പോവുകയായിരുന്ന. അടുത്ത സ്ഥലത്ത് ആളുകൾ ബസ് തടഞ്ഞെങ്കിലും അപകമുണ്ടാക്കിയിട്ടില്ലെന്നു പറഞ്ഞ് ഡ്രൈവര്‍ വാഹനുമായി രക്ഷപെട്ടു.  നാട്ടുകാരാണ് റോഡിൽ വീണു കിടന്ന  മൂവരേയും ആശുപത്രിയിൽ എത്തിച്ചത്. മുരിക്കാശ്ശേരി സ്വദേശി രഞജിത്തിൻറെ ഭാര്യയും അഞ്ചിലും ഒന്നിലും പഠിക്കുന്ന കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.  കാര്യമായി പരുക്കില്ലെങ്കിലും കുട്ടികളുടെ പേടി ഇപ്പോഴും മാറിയിട്ടില്ല. അതിനാലാണ് ഇടുക്കി ആ‍ർടിഒയ്ക്ക് കുട്ടികളുമായെത്തി പരാതി നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചത്.

കട്ടപ്പന സ്വദേശിയായ ഡ്രൈവർ ബിനോയിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിപ്പോ‍ർട്ട് നൽകിയിട്ടുണ്ട്.  വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഇടുക്കി ആർ ടി ഒ ആർ. രമണൻ ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു. സംഭവം സംബന്ധിച്ച് മുരിക്കാശ്ശേരി പൊലീസും അന്വേഷണം നടത്തുന്നുണ്ട്.