ന്ത്യയുടെ ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ എസ്.യു.വി. നിരയിലെ ഏറ്റവും കുഞ്ഞനാണ് പഞ്ച്. ഏറ്റവും കുറഞ്ഞ നാളുകൾക്കുള്ളിൽ വിൽപ്പനയിൽ ഒരു ലക്ഷം പിന്നിടുന്ന എസ്.യു.വിയെന്ന അപൂർവ നേട്ടമാണ് ഇപ്പോൾ പഞ്ചിന് ലഭിച്ചിരിക്കുന്നത്. വിപണിയിൽ അവതരിപ്പിച്ച് 10 മാസം പിന്നിടുന്നതോടെയാണ് പഞ്ചിന്റെ ഒരു ലക്ഷം യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചിരിക്കുന്നത്. 2021 ഒക്ടോബർ മാസത്തിലാണ് പഞ്ച് എസ്.യു.വി. വിപണിയിൽ എത്തിയത്.

ടാറ്റ മോട്ടോഴ്സിന്റെ പൂണെയിലെ പ്ലാന്റിൽ നിന്നാണ് ഒരു ലക്ഷം തികയുന്ന വാഹനം പുറത്തിറക്കിയത്. ടാറ്റയുടെ എസ്.യു.വി. നിരയിൽ ഏറ്റവും വില കുറവുള്ള എസ്.യു.വി. മോഡലായാണ് പഞ്ച് എത്തിയിട്ടുള്ളത്. 5.93 ലക്ഷം രൂപ മുതൽ 9.48 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. അതിവേഗം ഒരുലക്ഷം എന്ന നാഴികക്കല്ല് മറികടക്കാൻ സഹായിച്ച ഉപയോക്താക്കളോട് നന്ദി പറഞ്ഞാണ് ടാറ്റ മോട്ടോഴ്സ് ഈ സന്തോഷം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 

പ്യൂവർ, അഡ്വഞ്ചർ, അക്കംബ്ലിഷ്ഡ്, ക്രീയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാണ് പഞ്ച് എത്തിയിട്ടുള്ളത്. ഇംപാക്ട് 2.0 ഡിസൈൻ ലാംഗ്വജിൽ അൽഫ-ആർക്ക് അടിസ്ഥാനമാക്കിയാണ് പഞ്ച് ഒരുങ്ങിയിരിക്കുന്നത്. നെക്സോൺ, ഹാരിയർ മോഡലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ. ഗ്രില്ലിന് പകരം ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള പാനൽ, നേർത്ത എൽ.ഇ.ഡി. ഡി.ആർ.എൽ, ബംമ്പറിൽ നൽകിയ ഹെഡ്ലാമ്പ്, കോർണർലൈറ്റായും പ്രവർത്തിക്കുന്ന ഫോഗ്ലാമ്പ്, ഡ്യുവൽ ടോൺ ബംമ്പർ എന്നിവയാണ് പഞ്ചിന് മുഖത്തിന് സൗന്ദര്യമേകുന്നത്.

ഫീച്ചറുകൾ കുത്തിനിറയ്ക്കാതെ ചിട്ടയായാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. ഏഴ് ഇഞ്ച് വലിപ്പമുള്ള ഹർമൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ പാനൽ ഉൾപ്പെടെ നൽകിയിട്ടുള്ള മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ സ്ക്രീൻ ഉൾപ്പെടെ നൽകിയിട്ടുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ധാരാളം സ്റ്റോറേജ് സ്പേസുകൾ, മികച്ച സീറ്റുകൾ എന്നിങ്ങനെ വളരെ സമ്പന്നമായ ഒരു അകത്തളമാണ് പഞ്ചിൽ ഒരുങ്ങിയിട്ടുള്ളത്.

ടാറ്റയുടെ ടിയാഗോയിൽ കരുത്തേകുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റെവൊട്രോൺ പെട്രോൾ എൻജിനാണ് പഞ്ചിന്റെയും ഹൃദയം. ഇത് 85 ബി.എച്ച്.പി. പവറും 113 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവൽ എന്നീ ഗിയർബോക്സുകളാണ് ഇതിൽ ട്രാൻസ്മിഷൻ നിർവഹിക്കുന്നത്. 3827 എം.എം. നീളം, 1742 എം.എം. വീതി, 1615 എം.എം. ഉയരം 2445 എം.എം. വീൽബേസ്, 187 എം.എം. ഗ്രൗണ്ട് ക്ലിയറൻസ് എന്നിങ്ങനെയാണ് പഞ്ചിന്റെ അളവുകൾ.