‘എന്നാ താന്‍ കേസുകൊട്’ എന്ന ചിത്രത്തെ സംബന്ധിച്ച എല്ലാ തെറ്റിദ്ധാരണകളും മാറിയതായി അറിയുന്നുവെന്ന് നടൻ കുഞ്ചാക്കോ ബോബന്‍. ഇതു കണ്ട് കൂടുതല്‍ സന്തോഷം. സിനിമയുടെ പരസ്യം കണ്ട് ആദ്യം ചിരിച്ചു. സിനിമ എന്തെന്ന് അറിയാതെയുള്ള ആക്രമണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു‍. വിവാദത്തിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 

സിനിമയുടെ പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകം സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ഇടത് അനുകൂല സൈബർ ഇടങ്ങളിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

‘ഏതെങ്കിലും രാഷ്ട്രീയ വിഭാഗത്തിനെതിരായ സിനിമയല്ല ഇത്. കോവിഡിന് മുൻപാണ് ഈ സിനിമയുടെ ആശയം ഉണ്ടാകുന്നത്. ഈ സമയത്തു തന്നെ സിനിമ ഇറങ്ങുമെന്ന് ധാരണയില്ല. ഇത്തരം പ്രശ്നങ്ങൾ രൂക്ഷമാകുമെന്നും കരുതിയിരുന്നില്ല. ഒരു പാർട്ടിയെ ഉന്നംവച്ചാണ് സിനിമ ഇറക്കിയതെന്നും പരസ്യവാചകം ഇറക്കിയതെന്നും പറയുന്നത് തെറ്റിദ്ധാരണ മാത്രമാണ്. റോഡിന്റെ ശോചനീയാവസ്ഥ കാലങ്ങളായി ജനം അനുഭവിച്ചുവരുന്നവയാണ്. അത് ഏതു പാർട്ടി ഭരിച്ചാലും ഇതേ അവസ്ഥ തന്നെയാണ്. ഇതിന് സ്ഥായിയായ പരിഹാരം ഉണ്ടാകുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്. സാധാരണക്കാരന്റെ ഭാഗത്തുനിന്നുകൊണ്ട് എടുത്ത സിനിമയെ ചെറിയ വിഭാഗം തെറ്റിദ്ധരിക്കുകയും ടെലഗ്രാമിൽ സിനിമ കാണുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അതിനേക്കാൾ ഹീനമായ പ്രവൃത്തിയാണ്.’– കുഞ്ചാക്കോ ബോബൻ പറഞ്ഞു.