ഴിഞ്ഞ മാസമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലേക്ക് (Locarno Film Festival) തെരഞ്ഞെടുത്ത വാർത്തകൾ പുറത്തുവന്നത്. മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും അറിയിപ്പിനുണ്ട്. ഇന്നാണ് മേളയിൽ ചിത്രം പ്രദർശിപ്പിക്കുക. ഇതിന് മുന്നോടിയായി സ്വിറ്റ്സർലൻഡിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. 

‘സ്വിറ്റ്‌സർലൻഡിലെ 75-ാമത് ലൊക്കാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനായി ഞാൻ ഇവിടെയെത്തി. ദേവദൂതർ പാട്ടിനോടുള്ള സ്നേഹം തുടരെ.. ഞാൻ ഇവിടെ സ്വിറ്റ്‌സർലൻഡിലെ 75-ാമത് ലോകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉണ്ട്. ഞങ്ങളുടെ ‘അറിയിപ്പ്’ എന്ന സിനിമ ഇന്ന് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. 25 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഒരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത് ആദ്യത്തെ അനുഭവമായിരിക്കും. അത് ലൊക്കാർണോയിൽ നിന്ന് ആരംഭിക്കാം, ഇതൊരു വലിയ അനുഗ്രഹവും ബഹുമതിയുമാണ്’, എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചത്. 

ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്കാണ് അറിയിപ്പ് മത്സരിക്കുക. ഉദയ പിക്ചേഴ്സിന്‍റെ 75-ാം വാര്‍ഷികത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കിയതിലെ സന്തോഷം കുഞ്ചാക്കോ ബോബന്‍ നേരത്തെ പങ്കുവച്ചിരുന്നു. 

മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ നാലാമതായി എത്തുന്ന ചിത്രമാണ് അറിയിപ്പ്. ടേക്ക് ഓഫ്, മാലിക്, സി യു സൂണ്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. ദിവ്യപ്രഭയാണ് അറിയിപ്പിലെ നായിക. നോയിഡയിലെ ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രീകരിച്ചാണ് ചിത്രം.

നേരത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്‍ത നിഴല്‍ക്കുത്ത് ലൊക്കാര്‍ണോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മത്സര വിഭാഗത്തില്‍ ആയിരുന്നില്ല. മറിച്ച് സ്പെഷല്‍ ഷോകേസ് വിഭാഗത്തിലായിരുന്നു. ഋതുപര്‍ണ്ണ ഘോഷ് സംവിധാനം ചെയ്‍ത ബംഗാളി ചിത്രം അന്തര്‍മഹല്‍ ലൊക്കാര്‍ണോ ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.