കോട്ടയം : സി.പി.ഐ.കോട്ടയം ജില്ലാ സമ്മേളനത്തിന്‌ ഈ മാസം അഞ്ചു മുതല്‍ തുടക്കം കുറിക്കാനിരിക്കേ കേരളാ കോണ്‍ഗ്രസ്‌ (എം)നോടുള്ള അതൃപ്‌തി മറച്ചുവയ്‌ക്കാതെ സി.പി.ഐ. ജില്ലാ നേതൃത്വം. കേരളാ കോണ്‍ഗ്രസ്‌ ജോസ്‌ കെ. മാണി വിഭാഗം ഇടതുമുന്നണിയിലെത്തിയ ശേഷം സി.പി.എം. വലിയ പരിഗണന നല്‍കുന്നത്‌ കേരളാ കോണ്‍ഗ്രസിനാണെന്ന പരാതി സി.പി.ഐ.നേതൃത്വത്തിനു നിലനില്‍ക്കേയാണ്‌ കേരളാ കോണ്‍ഗ്രസിനെതിരേ തുറന്നടിച്ച്‌ സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ തന്നെ രംഗത്ത്‌ വന്നത്‌.

കേരളാം മുഴവനും ഇടത്‌ തരംഗം ഉണ്ടായിട്ടും പാലായില്‍ ഇടതുമുന്നണി പരാജയപ്പെടാനുള്ള കാരണം സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണെന്ന്‌ സി.കെ.ശശിധരന്‍ പറഞ്ഞു. 
കേരളാ കോണ്‍ഗ്രസില്‍ തന്നെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പരാതി ഉയര്‍ന്നിരുന്നു. കേരളാ കോണ്‍ഗ്രസ്‌ ഭരിച്ചിരുന്ന പഞ്ചായത്തില്‍ പോലും ഇടത്‌ സ്‌ഥാനാര്‍ഥി പരാജയപ്പെടാനുള്ള കാരണം അവരുടെ പാര്‍ട്ടിയില്‍നിന്നും വോട്ട്‌ ചോര്‍ന്നതാണ്‌.

അമ്പത്‌ വര്‍ഷത്തിലേറെയായി യു.ഡി.എഫിന്റെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ്‌ ഒരു സുപ്രഭാതത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായി മാറിയത്‌ അവരുടെയോ ഇടതുമുന്നണിയുടെയോ പ്രവര്‍ത്തകര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല. കേരളാ കോണ്‍ഗ്രസ്‌ ഇടതുമുന്നണിയുടെ ഭാഗമായിട്ട്‌ ഇത്രയും നാള്‍ ആയിട്ടും കേരളാ കോണ്‍ഗ്രസിന്റെ അണികള്‍ക്ക്‌ ഇടതുവരെ ഇടതു നയങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. 

കേരളാ കോണ്‍ഗ്രസിന്റെ അടിസ്‌ഥാന വോട്ട്‌ വിഭാഗം ഇപ്പോഴും മാറി നില്‍ക്കുകയാണ്‌. കേരളാ കോണ്‍ഗ്രസ്‌ യു.ഡി.എഫിലേക്ക്‌ തിരികെ പോകുമോ എന്ന ചോദ്യത്തിന്‌ രാഷ്‌ട്രീയ നിലപാട്‌ ആര്‍ക്കും പ്രവചിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 
കേരളാ കോണ്‍ഗ്രസ്‌ എല്‍.ഡി.എഫിലെത്തിയത്‌ മുന്നണിക്ക്‌ ഗുണമായിട്ടുണ്ട്‌. കോട്ടയം ജില്ലയില്‍ തദേശ തെരഞ്ഞെടുപ്പില്‍ മുന്നണി നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതും ജില്ലാ പഞ്ചായത്ത്‌ ഭരണം പിടിക്കാന്‍ കഴിഞ്ഞതും കേരളാ കോണ്‍ഗ്രസ്‌ മുന്നണിയിലെത്തിയതിനാലാണ്‌.

എന്നാല്‍ ജില്ലയില്‍ സി.പി.ഐ.തന്നെയാണ്‌ മൂന്നാമത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. സീറ്റ്‌ വിഭജനത്തിലടക്കം കേരളാ കോണ്‍ഗ്രസിന്‌ വേണ്ടി ഇനിയും വിട്ടുവീഴ്‌ച നടത്താന്‍ സി.പി.ഐ. തയാറല്ലെന്ന്‌ എല്‍.ഡി.എഫ്‌്. നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും സി.കെ. ശശിധരന്‍ പറഞ്ഞു. 
ഇതോടെ സി.പി.ഐ. ജില്ലാ സമ്മേളനം കേരളാ കോണ്‍ഗ്രസിനെതിരേയുള്ള നിലപാട്‌ കടുപ്പിക്കുമെന്ന്‌ വ്യക്‌തമായിക്കഴിഞ്ഞു.കേരളാ കോണ്‍ഗ്രസ്‌ ഇടതുമുന്നണിയിലെത്തിയ ശേഷം നടക്കുന്ന ആദ്യ സമ്മേളനം 5 മുതല്‍ 8 വരെ ഏറ്റുമാനൂരിലാണ്‌ നടക്കുന്നത്‌.