ന്യൂയോര്‍ക്ക്: അല്‍ ഖ്വയ്ദ മേധാവി അയ്മാന്‍ അല്‍ സവാഹിരിയുടെ വധത്തിനു പിന്നാലെ ലോകമെമ്പാടുമുള്ള പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി അമേരിക്ക. സവാഹിരിയുടെ വധത്തിനു പിന്നാലെ അല്‍ ഖ്വയ്ദയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളും അനുബന്ധ ഭീകര സംഘടനകളും യു.എസ് പൗന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം നടത്തിയേക്കാം. മുന്നറിയിപ്പ് കൂടാതെ ഭീകരാക്രമണം നടക്കാം. പൗരന്മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വിദേശ യാത്രകളില്‍ ശ്രദ്ധവേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ആഗോള ഭീകരനായി മുദ്രകുത്തിയ അല്‍ സവാഹിരിയാണ് 2001 ശസപ്തംബര്‍ 11ന് അമേരിക്കയുടെ ഇരട്ട ഗോപുരം തകര്‍ക്കുന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കണ്ടെത്തിയിരുന്നു. ഉസാമ ബിന്‍ ലാദന്റെ പിന്‍ഗാമിയായി അല്‍ ക്വയ്ദയുടെ നിയന്ത്രണം ഏറ്റെടുത്ത സവാഹിരിയെ ഞായറാഴ്ചയാണ് യു.എസ് വ്യോമാക്രമണത്തില്‍ വധിച്ചത്. കാബൂളിലെ വസതിയിലിരിക്കുമ്പോഴായിരുന്നു സവാഹിരിക്കു നേരെ ആക്രമണമുണ്ടായത്. 

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നടപ്പാക്കിയ ഓപറേഷനില്‍ സവാഹിരിയുടെ അല്ലാതെ മറ്റാരുടെയും ജീവന് ഹാനിയുണ്ടായില്ല.