സോഷ്യല്‍ മീഡിയയിലൂടെ മോശമായ കമന്റിടുന്നവരേയും അധിക്ഷേപിക്കുന്നവരേയും വിമര്‍ശിച്ച് സുരേഷ് ഗോപി. മോശം കമന്റിടുകയും അത് പ്രചരിച്ചിക്കുകയും ചെയ്യുന്നത് ശരിയാണോയെന്നും, ഇങ്ങനെയുള്ള കമന്റുകള്‍ ഫ്രീഡം ഓഫ് എക്‌സ്പ്രഷന് വിടുകയാണോ അത് കേള്‍ക്കുന്നവര്‍ക്ക് അവകാശങ്ങളില്ലേയെന്നും അദ്ദേഹം ചോദിച്ചു. പോപ്പര്‍ സ്റ്റോപ്പ്  മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്.‘നിങ്ങള്‍ ഇത് ലിബര്‍ട്ടിക്ക് വിട്ടുകൊടുക്കുകയാണ്, ഫ്രീഡം ഓഫ് എക്‌സ്പ്രഷന് വിട്ടുകൊടുക്കുകയാണ്.

മോഹന്‍ലാലിന്റെ ഒരു പുതിയ സിനിമ ഇറങ്ങുമ്പോള്‍ അദ്ദേഹത്തെ സോഷ്യല്‍മീഡിയയില്‍ വിളിക്കുന്നത് ചില വാക്കുകള്‍ ഉപയോഗിച്ചാണ്. അത് ശരിയായ കാര്യമാണോ. അങ്ങനെയാണെങ്കില്‍ തന്റെ വ്യക്തിത്വത്തില്‍ അഭിമാനം കൊള്ളുന്ന ഒരാള്‍ ഇങ്ങനെയുള്ള കമന്റുകള്‍ക്ക് പാത്രമാവുമ്പോള്‍ അത് പറഞ്ഞവന്റെ വീട്ടില്‍ പോയി, അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുമ്പില്‍ വെച്ച് അവന്റെ പല്ല് അടിച്ച് താഴെ ഇടണമെന്ന് അയാള്‍ പറഞ്ഞാല്‍ ഇതും ഫ്രീഡം ഓഫ് എക്‌സ്പ്രഷനായി നിങ്ങള്‍ കണക്ക് കൂട്ടുമോയെന്നും അദ്ദേഹം ചോദിച്ചു

ഇത് ഞാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ചോദിച്ചിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. നമുക്ക് കിട്ടുന്ന നവ നൂതന ടെക്നോളജി എല്ലാം എന്തിന് വേണ്ടിയാണ്. നമ്മുടെ സൗകര്യങ്ങൾക്ക് വേണ്ടിയാണ്. മൊത്തത്തിൽ ഒരു സൗഹാർദ്ദം കത്തിച്ച് കളഞ്ഞിട്ട് ശത്രുത വളർത്തുന്നതിന് വേണ്ടി ആവുമ്പോൾ ഈ സൗകര്യങ്ങൾ മുഴുവൻ സമൂഹത്തിലെ ഏറ്റവും വലിയ അസൗകര്യമായിട്ടല്ലേ ട്രാൻസ്ലെറ്റ് ചെയ്യുന്നത്. അതാണോ സമൂഹത്തിന് ആവശ്യമെന്നും’ സുരേഷ് ​ഗോപി ചോദിച്ചു.

താൻ ചെയ്ത ഒരു കാര്യം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ താൻ ചെയ്തത് തെറ്റായിരിക്കില്ല. നിങ്ങളുടെ ഇഷ്ടമില്ലായ്മ ഒരു മോശപ്പെട്ട ചേഷ്ടയിലൂടെയോ വാക്കിലൂടെയോ പറയുമ്പോൾ നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അതെനിക്ക് വിഷമം ആണുണ്ടാക്കുന്നത്. തന്റെ അവകാശം എവിടെയാണ്?,’ സുരേഷ് ​ഗോപി ചോദിക്കുന്നു. ഇങ്ങനെയുള്ളവരാണ് തന്നെ വളർത്തിക്കൊണ്ടിരിക്കുന്നതെന്നും ഇവർ കാരണമാണ് എനിക്ക് ഓരോ ദിവസവും ആൾക്കാർ ഇഷ്ടക്കാരായി വന്ന് കൊണ്ടിരിക്കുകയാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

സിം​ഹവാലൻ കുരങ്ങന്റെ ഫോട്ടോയും സുരേഷ് ​ഗോപിയുടെ താടി വെച്ച ഫോട്ടോയും ഒരുമിച്ച് വെച്ചുള്ള ട്രോൾ ആണ് നടനെ പ്രകോപിപ്പിച്ചത്. ഈ ട്രോളിന് അന്ന് കൊടുത്ത മറുപടിയിൽ ​ഗോകുൽ സുരേഷും അഭിമുഖത്തിൽ സംസാരിച്ചു. ഒരു ​ത​ഗ് ലൈഫ് ആയി നൽകിയ മറുപടി അല്ലതെന്നും. ഭയങ്കര വേദനയോടെയാണ് താൻ ആ മറുപടി നൽകിയതെന്നും ​ഗോകുൽ കൂട്ടിചേർത്തു