ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളില്‍ അമ്മയുടെ പേര് മാത്രം ചേര്‍ക്കാന്‍ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ അപേക്ഷ നല്‍കിയാല്‍ അധികൃതര്‍ അത് അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പീഡനത്തെ തുടര്‍ന്ന് അമ്മയായ സ്ത്രീയുടെ മകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ലൈംഗിക പീഡനങ്ങളിലെ ഇരകളും, അവിവാഹിതയായ സത്രീയുടെ കുട്ടിയും രാജ്യത്തിന്റെ പൗരനാണെന്നും, ആര്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം ഹനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതിജീവിതകളുടെയും അവിവാഹിതകളുടെയും മക്കളുടെയും സ്വകാര്യതയിലേക്ക് മറ്റുള്ള ആളുകള്‍ കടന്നുകയറുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മനോവിഷമത്തെക്കുറിച്ച് ആലോചിക്കണം. മറ്റു പൗരന്മാരെപ്പോലെ ഇവര്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും കോടതി പറഞ്ഞു.

മാലി മാധവന്‍ നായര്‍ രചിച്ച ‘കര്‍ണശപഥം’ ആട്ടക്കഥയിലെ ഭാഗം വിവരിച്ചു കൊണ്ടയിരുന്നു കോടതി ഇത്തരം ആളുകള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെ കുറിച്ച് വിവരിച്ചത്. മാതാപിതാക്കളാരെന്ന് അറിയാത്ത കര്‍ണന്‍ അനുഭവിക്കുന്ന മനോവിഷമം വേദവ്യാസന്‍ മഹാഭാരതത്തില്‍ വിവരിക്കുന്നുണ്ട്. കുന്തചി വെളിപ്പെടുത്തുന്നത് വരെ തന്റെ മാതാപിതാക്കള്‍ ആരാണെന്ന് കര്‍ണന് അറിയില്ലായിരുന്നു. അനാഥനെന്ന ശാപം പേറുന്ന കര്‍ണന്മാരില്ലാത്ത സമൂഹമാണ് നമുക്കു വേണ്ടതെന്നും കോടതി വ്യക്തമാക്കി.

ദുരൂഹ സാഹചര്യത്തില്‍, അജ്ഞാതനായ വ്യക്തിയുടെ പീഡനത്തെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്റെ അമ്മ ഗര്‍ഭിണിയായത്. തിരിച്ചറിയല്‍ രേഖകളില്‍ ഇയാളുടെ പിതാവിന്റെ പേര് വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ അമ്മയുടെ പേരുമാത്രം രേഖകളില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.