ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് വിദ്യാഭ്യാസം. എന്നാൽ ജീവിത വിജയത്തിൽ മാർക്കിന് സ്ഥാനമുണ്ടോ? നല്ല മാർക്ക് നേടുന്നതാണോ എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം. ഐഎഎസ് ഉദ്യോഗസ്ഥനായ ഷാഹിദ് ചൗധരി പങ്കുവെച്ച ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നമ്മുടെ സ്‌കൂൾ-കോളേജ് ജീവിതത്തിലുടനീളം, ഒരാളുടെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ അളവുകോൽ മാർക്കാണെന്നാണ് നമ്മളോട് എല്ലാവരും പറയുന്നത്. യഥാർത്ഥത്തിൽ അത് ശരിയാണോ? പേപ്പറിൽ നേടുന്ന മാർക്കല്ല യഥാർത്ഥ ജീവിതം നിശ്ചയിക്കുന്നത്.

തന്റെ പത്താം ക്ലാസ് മാർക്ക് ഷീറ്റ് ആണ് ഷാഹിദ് ചൗധരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 1997-ൽ ജമ്മു കശ്മീർ സ്റ്റേറ്റ് ബോർഡിൽ നിന്നാണ് അദ്ദേഹം പരീക്ഷ പാസായത്. ഇംഗ്ലീഷ്, സയൻസ്, ഉറുദു, സോഷ്യൽ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ഉദ്യോഗസ്ഥൻ നേടിയ സ്‌കോർ എത്രയാണെന്ന് മാർക്ക് ഷീറ്റിലുണ്ട്. നിരവധി വിദ്യാർത്ഥികൾ തന്റെ പത്താം ക്ലാസ് മാർക്ക് ഷീറ്റ് കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ ഷെയർ ചെയ്യുന്നതെന്ന് ഷാഹിദ് പറഞ്ഞു. “വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം, 1997 ലെ എന്റെ പത്താം ക്ലാസ് മാർക്ക് ഷീറ്റ് ഇതാ! 339/500,” എന്നാണ് അദ്ദേഹം ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

മാർക്ക് എങ്ങനെ ഒരു മാനദണ്ഡമല്ല എന്നതിനെക്കുറിച്ചുള്ള ഈ പോസ്റ്റ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ശരിയായ മനോഭാവവും അർപ്പണബോധവുമുണ്ടെങ്കിൽ ഏതു ഗ്രേഡുകളായാലും ഒരു വ്യക്തിയെ ജീവിതത്തിൽ മികവുറ്റതാക്കുന്നതിൽ നിന്ന് തടയാനാവില്ലെന്നാണ് ആളുകൾ കമന്റുകൾ നൽകിയത്. നിരവധി പേരാണ് പോസ്റ്റ് ഇതിനോടകം ഷെയർ ചെയ്തത്.