എറണാകുളം: സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിലെ വിവാദ ഇടനിലക്കാരൻ ഷാജ് കിരണിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഷാജ് കിരണിനും സുഹൃത്ത് ഇബ്രാഹിമിനും മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി, മുൻകൂർ നോട്ടീസ് നൽകി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാമെന്നും നിർദേശിച്ചു.

ഗൂഢാലോചനക്കേസിൽ ഇരുവരും പ്രതികളല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഹർജി തീർപ്പാക്കിയത്. കേസിൽ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. രാഷ്ട്രീയ നേട്ടത്തിനായി തന്ത്രപൂർവം തന്നെ ഗൂഢാലോചനയിൽ കുടുക്കുകയായിരുന്നു. സൗഹൃദ സംഭാഷണം റെക്കോഡ് ചെയ്ത് ഉപയോഗിച്ചുവെന്നും ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയതായും മുൻകൂർ ജാമ്യാപേക്ഷയിൽ ഇരുവരും പറഞ്ഞിരുന്നു.

കൂടാതെ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമായിരുന്നു ആവശ്യം. രഹസ്യമൊഴി നൽകിയതിനു ശേഷം ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസിൽ ഷാജ് കിരണിനെയടക്കം ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതിനിടെയാണ് ഇരുവരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ, മത നിന്ദ കേസിൽ സ്വപ്‌നയുടെ അഭിഭാഷകൻ കൃഷ്ണരാജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹർജി 16ന് വീണ്ടും പരിഗണിക്കും.