ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരായ വന്‍ പ്രതിഷേധത്തിന്റെ അകമ്പടിയോടെ നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യുന്നതിനായി എ ഐ സി സി മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമായിരുന്നു അന്വേഷണ ഏജൻസിയുടെ ഓഫീസിലേക്ക് രാഹുലെത്തിയത്. പ്രവർത്തകരെ നീക്കം ചെയ്യാനും നിയന്ത്രിക്കാനും പലയിടത്തും പൊലീസ് ഇടപെടലുണ്ടായത് നേരിയ സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു.

പ്രതിഷേധ പ്രകടനം ഓഫീസിന് സമീപമെത്തിയ ശേഷം പ്രിയങ്ക ഗാന്ധി കോൺഗ്രസ് നേതാക്കൾക്കൊപ്പം മടങ്ങുകയും രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനായി ഒഫീസിന് അകത്തേക്ക് പോവുകയുമായിരുന്നു. ദില്ലിയിലെ എ ഐ സി സി ഓഫീലേക്ക് രാവിലെ തന്നെ എത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് മുതിർന്ന നോതാക്കള്‍ക്കൊപ്പം ഇഡി ഓഫീസിലേക്ക് നീങ്ങുകയായിരുന്നു. പുറത്ത് കാത്ത് നിന്ന പ്രവർത്തകരും ഇവർക്ക് അകമ്പടിയായി എത്തി.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ദിഗ്‌വിജയ സിംഗ്, പി ചിദംബരം, ജയറാം രമേഷ്, സച്ചിൻ പൈലറ്റ്, മുകുൾ വാസ്‌നിക്, ഗൗരവ് ഗൊഗോയ് എന്നിവരും പ്രതിഷേധത്തിൽ പങ്കുചേരാൻ എ ഐ സി സി ഓഫീസിലെത്തിയിരുന്നു. നേരത്തെ നേതാക്കൾക്ക് പിന്തുണയുമായി മുദ്രാവാക്യം വിളിച്ചെത്തി കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ബസിൽ കയറ്റിയത് നേരിയ സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു.

ശക്തിപ്രകടനമെന്ന നിലയിൽ കോണ്‍ഗ്രസ് ഈ പ്രതിഷേധം ആസൂത്രണം ചെയ്തതിനാൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ പിന്നീട് തെരുവിലേക്ക് എത്തുകയായിരുന്നു. സാമുദായിക, ക്രമസമാധാന നിലയും വി വി ഐ പി പരിഗണനയും ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. തുടർന്ന് ഡൽഹിയിലും മറ്റ് പല നഗരങ്ങളിലും ആസൂത്രണം ചെയ്ത പ്രതിഷേധവുമായി മുന്നോട്ട് പോകാൻ പാർട്ടി തീരുമാനിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലും അസമിലെ ഗുവാഹത്തിയിലും മറ്റ് നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും മറ്റ് കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കുകയാണെന്ന് കോൺഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. തങ്ങളുടെ നേതാക്കൾക്കെതിരായ ആരോപണങ്ങൾ “വ്യാജവും അടിസ്ഥാനരഹിതവുമാണ്” എന്നും ബിജെപി “പകപോക്കൽ രാഷ്ട്രീയം” ആണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.