തിരുവനന്തപുരം; ആരേയും വഴി തടയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കറുത്ത വസ്ത്രത്തിന് വിലക്ക് ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വഴി തടയുന്നുവെന്നും ചില പ്രത്യേക തരം വസ്ത്രങ്ങൾ പാടില്ലെന്നും നിർദേശമുണ്ടെന്ന തരത്തിൽ ചില ശക്തികൾ വ്യാജ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കറുത്ത മാസ്കും വസ്ത്രവും തടയുകയാണെന്ന് പറയുന്നതെല്ലാം ഇത്തരം വ്യാജ പ്രചരണത്തിന്റെ ഭാഗമാണ്. വസ്ത്ര ധാരണ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന യാതൊരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന ഗ്രന്ഥശാല പ്രവർത്തക സംസ്ഥാന സംഗമത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്: ‘വഴിനടക്കാൻ എല്ലാ അവകാശങ്ങളും നേടിയെടുത്ത നമ്മുടെ നാട്ടിൽ വഴിതടയുകയാണ് എന്ന തരത്തിലുള്ള പ്രചരണം നടക്കുകയാണ്. ഈ നാട്ടിൽ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരുകൂട്ടർക്കും നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തിൽ ഇടപെടുന്നന ചില ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കില്ല.ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം വ്യത്യസ്തമായ രീതിയിൽ വസ്ത്രം ധരിച്ചാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. കുറച്ച് ദിവസമായി കൊടുമ്പിരിക്കൊണ്ട മറ്റൊരു പ്രചരണം, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമാറ് ഉയർന്ന് വന്ന പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തിൽ ധരിക്കാൻ പാടില്ല എന്നതാണ്. കറുത്ത വസ്ത്രമോ കറുത്ത മാസ്കോ ധരിക്കരുതെന്നാണ് പ്രചരണം. നമ്മുടെ നാട്ടിൽ ആർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ട്. ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാൻ വലിയ പ്രക്ഷോഭങ്ങൾ നടന്ന നാടാണിത്. മുട്ടിന് താഴെ മുണ്ടുടുക്കാനും മാറ് മറക്കാനും വലിയ പോരാട്ടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് നമ്മുടെ നാട് മാറിയത്. ഇവിടെ അത്തരമൊരു അവകാശം ഹനിക്കുന്ന പ്രശ്നമേയില്ല’.

‘വസ്ത്ര ധാരണ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന യാതൊരു നടപടിയും ഉണ്ടാകില്ല. തെറ്റിധാരണജനകമായ രീതിയിൽ നിക്ഷിപ്ത താത്പര്യത്തോടെയാണ് ചില ശക്തികൾ കുപ്രചരണം നടത്തുന്നത്. അതിന്റെ ഭാഗമായാണ് കറുത്ത മാസ്കും വസ്ത്രവും പാടില്ലെ്ന തലത്തിൽ കേരള സർക്കാർ നടപടിയെടുത്തുവെന്ന പ്രചരണം നടത്തുന്നത്.കേരളത്തിൽ ഇടതുപക്ഷ സർക്കാരാണ്. കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്‍റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു. ആ സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ ഒരു പ്രത്യേകവസ്ത്രം പാടില്ലെന്ന നിലപാട് ഉണ്ടാകില്ല’, മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷ സർക്കാരാണ് ഉള്ളത്. കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിലേക്ക് എത്തിച്ചതിന്റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നുവെന്ന് ആരും സമ്മതിക്കുന്നതാണ്. ആ സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ ഒരു പ്രത്യേക വസ്ത്രം പറ്റില്ലെന്ന നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും ലഭിക്കാതെയപ്പോൾ ഒരുപാട് കള്ളക്കഥകളെ ആശ്രയിക്കുകയാണ്. നമ്മുടെ നാടിന്‍റെ പ്രത്യേകത എല്ലാ തരത്തിലും കാത്ത് സൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് അക്കാര്യത്തിൽ സർക്കാർ എപ്പോഴും ഒപ്പമുണ്ടാകും. അതിനെതിരായ നീങ്ങുന്ന ശക്തികൾക്ക് തടയടാൻ സർക്കാർ പ്രത്യേക ശ്രദ്ധയോടെ തന്നെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാലത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. ഈ സാഹചര്യത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിയ്ക്ക് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ചില പരിപാടികളിൽ കറുത്ത വസ്ത്രം ,മാസ്ക് എന്നിവ ധരിക്കുന്നതിനും നിബന്ധനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വിഷയത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണം.