വാഷിങ്ടന്‍: റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകള്‍ യുക്രെയ്ന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

‘ഞാന്‍ എന്തോ അതിശയോക്തി പറയുകയാണെന്നാണ് കൂടുതല്‍ ആളുകളും വിചാരിച്ചിരിക്കുന്നത്. എന്നാല്‍ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അതിര്‍ത്തിക്കപ്പുറത്തേക്കു പോകാന്‍ തയാറെടുക്കുകയാണെന്ന് അറിയിക്കുന്നത്. അതില്‍ ഒരു സംശയവുമില്ല. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്ക് ഇതൊന്നും കേള്‍ക്കാന്‍ താല്‍പര്യമില്ല’ ബൈഡന്‍ പറഞ്ഞു.

ആദ്യ യുക്രെയ്ന്‍ അധിനിവേശ സമയത്ത് റഷ്യന്‍ സേനകള്‍ യുക്രെയ്‌നെതിരെ ആക്രമണം അഴിച്ചുവിടുമെന്ന മുന്നറിയിപ്പ് യുഎസ് യുക്രെയ്‌നു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ റഷ്യ യുഎസിനു താക്കീതു നല്‍കി. ഇപ്പോള്‍ യുദ്ധം പൂര്‍ണമായും യുക്രെയ്‌ന്റെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചാണ്.

ദിവസേന 100 യുക്രെയ്ന്‍ സൈനികര്‍ റഷ്യയുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് സെലെന്‍സ്‌കി പറഞ്ഞത്. എന്നാല്‍ ഓരോ ദിവസവും നൂറിനും ഇരുന്നൂറിനും ഇടയില്‍ യുക്രെയ്ന്‍ സൈനികരാണ് റഷ്യയുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെടുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേശകന്‍ അറിയിച്ചു. മാത്രമല്ല വിദേശത്തുനിന്ന് കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ എത്തിയെങ്കില്‍ മാത്രമേ റഷ്യയെ നേരിടാനാകൂ എന്നും അദ്ദേഹം പറഞ്ഞു.