ബെംഗളൂരു: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഒഴിവ് വരുന്ന രാജ്യസഭ സീറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടന്നുകൊണ്ടിരിക്കുകയാണ്. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, കർണാടക എന്നിവിടങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ ക്രോസ് വോട്ടിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും കർണാടകയിലെ സ്ഥിതി അതല്ല.

ജെ ഡി എസ് എംഎല്‍എ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരിക്കുന്നുവെന്നതാണ് കർണാടകയിലെ സവിശേഷത. സംസ്ഥാനത്തെ രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ജനതാദളും (സെക്കുലർ) തമ്മിലുള്ള കടുത്ത മത്സരത്തിന് കാരണമായ നാലാമത്തെ സീറ്റിനെക്കുറിച്ചുള്ള സസ്‌പെൻസ് ഇതോടെ കൂടുതല്‍ ശക്തമാവുകയും ചെയ്തു.

ജെ ഡി എസ് എംഎല്‍എയായ ശ്രീനിവാസ ഗൗഡയാണ് രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോണ്ട് ചെയ്തത്. ജെ ഡി എസ് വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വോട്ട് ചെയ്തതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കിയത്. “ഞാൻ കോൺഗ്രസിന് വോട്ട് ചെയ്തു.. കാരണം എനിക്കതിനെ ഇഷ്ടമാണ്,” എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള ഗൗഡയുടെ പ്രതികരണം.

നാല് സീറ്റിലേക്കാണ് കർണാടകയില്‍ തിരഞ്ഞടുപ്പ് നടക്കുന്നത്. ഇതില്‍ ബി ജെ പി മൂന്ന് സ്ഥാനാർത്ഥികളെയും കോൺഗ്രസ് രണ്ട് സ്ഥാനാർത്ഥികളെയും ജനതാദൾ (സെക്കുലർ) ഒരാളെയുമാണ് മത്സരിപ്പിച്ചിട്ടുണ്ട്. ബി ജെ പിക്ക് രണ്ട് സീറ്റിലും കോണ്‍ഗ്രസിന് ഒരു സീറ്റിലും വിജയം ഉറപ്പാണ്. എന്നാല്‍ നാലാം സീറ്റില്‍ വിജയിക്കാനുള്ള അംഗബലം ആർക്കുമില്ല. ഇതോടെയാണ് മത്സരം ശക്തമായത്.

അതേസമയം, ‘ഞങ്ങളുടെ സ്ഥാനാർത്ഥി ലെഹർ സിംഗ് മത്സരിച്ച സീറ്റ് ഉൾപ്പെടെ മൂന്ന് സീറ്റുകളിലും ഞങ്ങൾ വിജയിക്കും’ എന്നായിരുന്നു നിർണായക തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടത്.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ വേണ്ടത് 45 വോട്ടുകളാണ്. നാലാമത്തെ സീറ്റിൽ ബി ജെ പിക്ക് 32ഉം കോൺഗ്രസിന് 24 ഉം ജെ ഡി എസിനും 32 സീറ്റുകളുമാണ് നാലാമത്തെ സീറ്റിലെ മത്സരത്തിന് ബാക്കിയാവുന്നത്. നാലാമത്തെ സീറ്റിൽ വിജയിക്കാൻ മതിയായ വോട്ടുകൾ ഇല്ലാതിരുന്നിട്ടും മൂന്ന് പാർട്ടികളും സ്ഥാനാർത്ഥികളെ നിർത്തിയതോടെയായാണ് മത്സരത്തിന് വീറും വാശിയുമേറിയത്

ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസും ജെ ഡി എസും അവകാശപ്പെട്ടിരുന്നെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറാൻ ഇരുവരും തയ്യാറായില്ല. കോൺഗ്രസിനേക്കാൾ കൂടുതൽ എം‌എൽ‌എമാർ സീറ്റിൽ അവശേഷിക്കുന്നുവെന്നും അതിനാൽ വിജയിക്കാനുള്ള ഉയർന്ന സാധ്യതയുള്ള തന്റെ പാർട്ടി എന്തിന് പിന്മാറണമെന്നും കുമാരസാമി ചോദിച്ചു.

അതേസമയം, മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ 2020 ജൂണിൽ തങ്ങളുടെ പിന്തുണയോടെയാണ് കഴിഞ്ഞ തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ്,ഇത്തവണ ജെഡിഎസാണ് പിന്‍വാങ്ങേണ്ടതെന്നാണ് അവകാശപ്പെടുന്നത്. തന്റെ പാർട്ടിയുടെ രണ്ടാം സ്ഥാനാർത്ഥിയായ മൻസൂർ അലി ഖാന് അനുകൂലമായി മനഃസാക്ഷി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് സിദ്ധരാമയ്യ ജെഡി (എസ്) എം‌എൽ‌എമാർക്ക് കഴിഞ്ഞ ദിവസം തുറന്ന കത്ത് എഴുതുകയും ചെയ്തിരുന്നു.