തിരുവനന്തപുരം; സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയൊക്കെ ആരോപണങ്ങൾ ഉയർന്നിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ മൗനം തുടരുകയാണെന്നും ഇത് ബി ജെ പി-സി പി എം ധാരണയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ മൊഴി കള്ളമാണെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് അവരെ ഏഴ് വര്‍ഷം വരെ ശിക്ഷിക്കാം. അതേ കോടതിയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാം. എന്ത് കൊണ്ടാണ് കോടതിയില്‍ പോകാത്തത്? മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ അപകീര്‍ത്തികരമായ ആരോപണം വന്നാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാം. അതിനും സർക്കാർ തയ്യാറായില്ലല്ലോ? വിഡി സതീശൻ ചോദിച്ചു.

ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് പ്രതിയായ സ്ത്രീ പറയുന്ന മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പോലീസ് വിട്ട ഇടനിലക്കാരന്‍ ആയിരുന്നോ? വേണ്ടാത്തത് എന്തോ നടന്നിട്ടുണ്ട്. ഒത്തുതീര്‍പ്പിനുള്ള ശ്രമം നടന്നിട്ടുണ്ട്. നിയമം കയ്യിലെടുത്ത് സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ട് പോകുന്നു. പ്രതിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ വരുന്നത് അറിഞ്ഞപ്പോള്‍ തന്നെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തു. ഇനി ഈ രണ്ട് കേസുകളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കും, വിഡി സതീശൻ ആരോപിച്ചു.

ആരോപണം വന്നപ്പോൾ വെപ്രാളപ്പെട്ട് ഭയം കൊണ്ട് അവർക്കെതിരെ കേസെടുക്കുകയാണ് സർക്കാർ ചെയ്തത്. വിഷയത്തില്‍ മുഴുവൻ ദുരൂഹതയാണ്. ഒന്നാമത്തെ കാര്യം ആറ് മാസം പോലും ശിക്ഷ കിട്ടാത്ത നിസാരമായ, കോടതി വരാന്തയിൽ പോലും നിൽക്കാത്ത കേസെടുത്ത് അഡീഷ്ണൽ ഡിജിപിയുടെ നേതൃത്വത്തിൽ 10 ഡിവൈഎസ്പിമാരെ വെച്ച് 12 അംഗ അന്വേഷണ ടീമിനെ ഉണ്ടാക്കിയിരിക്കുകയാണ്. കേട്ട് കേൾവിയുള്ള കാര്യമാണോ ഇത്?, വിഡി സതീശൻ ചോദിച്ചു. കേസിലെ മറ്റൊരു പ്രതിയെ ഗുണ്ടകളെ പോലെ വന്ന് തട്ടിക്കൊണ്ടു പോയി അയാളുടെ ഫോൺ പിടിച്ചെടുത്തു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കാലാവധി നീട്ടി കൊടുത്തു. ഇപ്പോൾ ഏറ്റവും ഒടുവിലായി സർക്കാരിന്റെ ഇടനിലക്കാരനായി ഒരാൾ പോയി സ്വപ്നയോട് പിൻമാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പണമിടപാടുണ്ടെന്ന് വെളിപ്പെടുത്തിയത് അയാളെ എന്തുകൊണ്ടാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.