പാട്ന; മറ്റ് പാർട്ടികളോട് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ പോരാട്ടം തുടങ്ങാൻ ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ്. ബിജെപിക്ക് എതിരെ ഒന്നിച്ച് പോരാടേണ്ടത് നിലവിൽ രാജ്യത്തിന്റെ ആവിശ്യമാണെന്ന് സമ്പൂർണ ക്രാന്തി ദിവസ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ യാദവ് പറഞ്ഞു. “രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും എതിരെ ഒന്നിക്കാൻ ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നമ്മൾ ഒറ്റക്കെട്ടായി പോരാടണം, നമ്മൾ വിജയിക്കും.” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ

ജയപ്രകാശ് നാരായണനെ സ്മിരിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശവും യാദവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. “48 വർഷം മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാക്കളെന്ന നിലയിൽ ഞങ്ങൾ ഏകാധിപത്യത്തിനെതിരെ പോരാടി, ഇപ്പോൾ വർത്തമാനത്തിലും പോരാടുകയാണ്. അസമത്വത്തിനും ഏകാധിപത്യ വ്യവസ്ഥയും എതിരെ പോരാടാനാണ് ഞങ്ങൾ ജനിച്ചത്.” എന്നായിരുന്നു വീഡിയോക്ക് യാദവ് നൽകിയിരുന്ന തലക്കെട്ട്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡൊറണ്ട ട്രഷറി കേസിൽ 14 വർഷം തടവും മൊത്തം 60 ലക്ഷം രൂപ പിഴയും ലഭിച്ച ആർജെഡി മേധാവി ഈ അടുത്തിടെയാണ് ജാമ്യം നേടിയത്. അഞ്ച് വർഷ തടവിന്റെ പകുതി കാലാവധി പൂർത്തിയാക്കിയതും ആരോ ഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടും ആയിരുന്നു ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ.

ഒരു ലക്ഷം രൂപ ജാമ്യത്തുകയും പിഴയായി 10 ലക്ഷം രൂപയും ഇദ്ദേഹം കോടതിയിൽ കെട്ടിവെച്ചിരുന്നു. യാദവിനെതിരെയുണ്ടായിരുന്ന അഞ്ചാമത്തെയും അവസാനത്തെയും കേസായിരുന്നു ഇത്. ദുംക, ദിയോഘർ, ചൈബാസ ട്രഷറികളുമായി ബന്ധപ്പെട്ട നാല് കേസുകളിൽ ഇദ്ദേഹം നേരത്തെ ജാമ്യം നേടിയിരുന്നു. ഫെബ്രുവരിയിൽ റാഞ്ചിയിലെ പ്രത്യേക സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കോടതി അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണത്തിൽ യാവദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഡോറണ്ട ട്രഷറിയിൽ നിന്ന് ഇദ്ദേഹം വഞ്ചനാപരമായി പണം പിൻവലിച്ചു എന്ന് കോടതി കണ്ടെത്തി. ലാലു ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്.

1990കളിലാണ് കേസിന് ആധാരമായ സംഭവങ്ങൾ നടന്നത്. അതിനിടെ റെയിൽവേ മന്ത്രിയായിരിക്കെ റിക്രൂട്ട്‌മെന്റിൽ ക്രമക്കേട് നടത്തി എന്ന് ആരോപിച്ചും യാദവിനെതിരെ സിബിഐ പുതിയ കേസ് എടുത്തിട്ടുണ്ട്. ലാലുവിനെ കൂടാതെ അദ്ദേഹത്തിന്റെ മകളെയും മറ്റ് കുടുംബാംഗങ്ങളെയും പുതിയ കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. റെയിൽവേ ജോലി നൽകുന്നതിനായി യാദവും കുടുംബാംഗങ്ങളും ഭൂമിയും സ്വത്തുക്കളും കൈക്കൂലിയായി കൈപ്പറ്റി എന്നതാണ് പുതിയ കേസിലെ ആരോപണം.