ഡൽഹി: കശ്മീരി താഴ്വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പാലായനം തടയാൻ കേന്ദ്ര സർക്കാരിന് സാധിക്കുന്നില്ലെന്ന വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ആം ആദ്മി പാർട്ടി പ്രവർത്തകർ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധ റാലിയിൽ സംസാരിക്കുകയായിരുന്നു കെജരിവാൾ. കശ്മീർ താഴ്വരയിൽ സാധാരണക്കാർക്കെതിരായ അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചു വരുകയാണ്. സ്ഥലത്തെ കശ്മീരി പണ്ഡിറ്റുകൾ താഴ്‌വര വിട്ടുപോകാൻ നിർബന്ധിതരാകുകയാണ്. ഇത് തടയാൻ കേന്ദ്രത്തോട് കർമ്മ പദ്ധതി ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

“കാശ്മീരി പണ്ഡിറ്റുകൾ അവരുടെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാവുകയാണ് 1990 കളിൽ സംഭവിച്ചതിന്റെ ആവർത്തനമാണിത്. ബിജെപിക്ക് കശ്മീർ വിഷയം കൈകാര്യം ചെയ്യാൻ കഴിയില്ല, അവർക്ക് വൃത്തികെട്ട രാഷ്ട്രീയം ചെയ്യാനേ അറിയൂ. ദയവായി കശ്മീരിന്റെ പേരിൽ രാഷ്ട്രീയം ചെയ്യരുത്,” കെജരിവാൾ പറഞ്ഞു. പാകിസ്ഥാന്റെ പിൻതുണയോടെയാണ് കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. കശ്മീർ സ്വന്തമാക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങൾ ഉപേക്ഷിക്കണം. കശ്മീർ എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും എന്നും കെജരിവാൾ കൂട്ടിച്ചേർത്തു. കൂടാതെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് മുന്നിൽ അദ്ദേഹം ചില ആവശ്യങ്ങളും വെച്ചു.

കശ്മീരിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് കേന്ദ്രം പൊതുജനങ്ങളോട് പറയണം, കശ്മീരിന് പുറത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കശ്മീരി പണ്ഡിറ്റുകളുമായി ഒപ്പിട്ട ബോണ്ട് റദ്ദാക്കണം, അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും അവർക്ക് സുരക്ഷ നൽകുകയും വേണം എന്നിവയാണ് കെജ്രിവാൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ. കശ്മീർ താഴ്‌വരയിൽ തീവ്രവാദ ഗ്രൂപ്പുകൾ പ്രത്യേകിച്ച് ലഷ്‌കർ-ഇ-തൊയ്ബയുടെ എട്ട് കൊലപാതകങ്ങൾ അടുത്തിടെ കണ്ടു, അവരുടെ ഇരകളിൽ മുസ്‌ലിംകളല്ലാത്തവരും സുരക്ഷാ ഉദ്യോഗസ്ഥരും ഒരു കലാകാരനും പ്രാദേശിക പൗരന്മാരും ഉൾപ്പെടുന്നു എന്നും ആംആദ്മി നേതാവ് പറഞ്ഞു.

2012-ൽ പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിൽ നിരവധി കശ്മീരി പണ്ഡിറ്റുകൾക്ക് കശ്മീർ താഴ്വരുകളിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ തുടർച്ചയായ കൊലപാതകങ്ങളെ തുടർന്ന് നിലവിൽ ഇവർ പ്രദേശം വിട്ട് പോകാൻ ഇവർ നിർ‌ബന്ധിതരായിരിക്കുകയാണ്. ജോലിയിൽ സ്ഥലം മാറ്റം നൽകണം എന്ന ആവശ്യവുമായി നിരവധി പണ്ഡിറ്റുകൾ സ്ഥലത്ത് പ്രതിഷേധവും നടത്തിവരുന്നുണ്ട്. ജൂൺ 2 ന് കശ്മീരിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഒരു ബാങ്ക് ജീവനക്കാരനും ഒരു ഇഷ്ടിക ചൂള തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. ജമ്മു മേഖലയിലെ സാംബ ജില്ലയിൽ നിന്നുള്ള ഒരു വനിതാ അധ്യാപികയും ടെലിവിഷൻ താരവും അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ വൈൻ ഷോപ്പിൽ ഭീകരർ പ്രവേശിച്ച് ഗ്രനേഡ് എറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.