ന്യൂഡല്‍ഹി: മുഹമ്മദ് നബിക്കെതിരെ പ്രസ്താവന നടത്തി വിവാദത്തിലായിരിക്കുകയാണ് നുപുര്‍ ശര്‍മ. പ്രതിഷേധം ശക്തമായതോടെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് നുപുര്‍ ശര്‍മയെ ബിജെപി മാറ്റുകയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. തൊട്ടുപിന്നാലെ തന്റെ പ്രസ്താവന പിന്‍വലിക്കുകയും നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്തു അവര്‍.

ശിവനെ തുടര്‍ച്ചയായി അപമാനിച്ചതാണ് തന്റെ പ്രസ്താവനയ്ക്ക് കാരണമായത് എന്ന് നുപുര്‍ ശര്‍മ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പോലും നുപുര്‍ ശര്‍മയും അവരുടെ പ്രസ്താവനയും ചര്‍ച്ചയാണിപ്പോള്‍. സൗദി, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ഇറാന്‍, പാകിസ്താന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നു. ഈ വേളയില്‍ ഏവര്‍ക്കും അറിയേണ്ട കാര്യം, ആരാണ് നുപുര്‍ ശര്‍മ എന്നാണ്. അവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ…

അഭിഭാഷകയാണ് നുപുര്‍ ശര്‍മ. പ്രമുഖ ബിജെപി നേതാവും ബിജെപിയുടെ ദേശീയ വക്താവുമാണ്. പ്രവാചകനെതിരായ പ്രസ്താവന വിവാദമായപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഡല്‍ഹി ഹിന്ദു കോളജില്‍ നിന്ന് സാമ്പത്തിക-നിയമ ബിരുദം നേടി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് എല്‍എല്‍എം എടുത്തു. കോളജ് കാലം മുതല്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. എബിവിപിയുടെ ടിക്കറ്റിലാണ് മല്‍സരിച്ചിരുന്നത്. യുവമോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. യുവമോര്‍ച്ചയുടെ ദേശീയ മാധ്യമ വിഭാഗം ചുമതല വഹിച്ചിരുന്നു. ഡല്‍ഹി ബിജെപിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടുത്തിടെയാണ് ബിജെപിയുടെ ദേശീയ വക്താവായി മാറിയത്. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി പ്രതിനിധിയായി സജീവ സാന്നിധ്യമാണ് ഇവര്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ ന്യൂഡല്‍ഹി മണ്ഡലത്തിലാണ് മല്‍സരിച്ചത്. പക്ഷേ, തോറ്റു. ഡല്‍ഹി ബിജെപിയുടെ പ്രധാന മുഖമായ നുപുര്‍ ശര്‍മ, പ്രൊഫ. ഗിലാനിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതു വഴി മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

നിലവില്‍ നുപുര്‍ ശര്‍മ ചര്‍ച്ചയാകാന്‍ കാരണം ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയാണ്. വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നുപുര്‍ ശര്‍മ നടത്തിയത്. ഇത് വിവാദമായതിനെ തുടര്‍ന്ന് ചാനല്‍ വിശദീകരണവുമായി രംഗത്തുവന്നു. പാനലിസ്റ്റുകള്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ഇത്തരം പ്രസ്താവനകളില്‍ ചാനലിന് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു വിശദീകരണം.

നുപുര്‍ ശര്‍മയുടെ വിവാദ പ്രസ്താവന അടങ്ങിയ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പ്രതിഷേധം വ്യാപിച്ചത്. മുംബൈയിലെ റാസ അക്കാദമി നുപുര്‍ ശര്‍മക്കെതിരെ പരാതി നല്‍കി. സൗത്ത് മുംബൈയിലും പൂനെയിലും കേസെടുത്തതോടെ വിവാദം ശക്തിപ്പെട്ടു. കൂടാതെ ഹൈദരാബാദിലും കേസെടുത്തു.

ഫാകട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ സുബൈര്‍, നുപുര്‍ ശര്‍മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് ശേഷം തനിക്ക് ബലാല്‍സംഗ ഭീഷണിയുണ്ടായതായി നുപുര്‍ ശര്‍മ പരാതിപ്പെട്ടു. ഈ പരാതിയില്‍ സുബൈറിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ ഒരു പ്രാദേശിക മുസ്ലിം സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കടകളടപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. ബറേലിയിലും നുപുര്‍ ശര്‍മക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനമുണ്ടായതോടെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണ് ഗള്‍ഫ് രാജ്യമായ ഖത്തര്‍ നയതന്ത്ര തലത്തില്‍ പ്രതിഷേധിച്ചത്. തൊട്ടുപിന്നാലെ സൗദി ഉള്‍പ്പെടെയുള്ള ഒട്ടേറെ രാജ്യങ്ങള്‍ പ്രതിഷേധിച്ചു. ഇത്തരം പ്രതിഷേധം ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നുള്ളതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു.