യുക്രെയ്‌നിൽ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന റഷ്യൻ സേനകൾ അവരുടെ പ്രസിഡന്റ് പുടിന്റെ പോലും നിർദ്ദേശം അനുസരിക്കാത്തവരെന്ന പരിഹാസവുമായി അമേരിക്ക. വെടിനിർത്തലും പിൻവാങ്ങലും പുടിൻ തീരുമാനിച്ചാലും പലമേഖലകളി ലേയ്‌ക്ക് കടന്നുകയറിയ റഷ്യൻ സൈന്യം പിന്മാറില്ല. പല മേധാവികൾക്കും യുദ്ധം ഒരു ആവേശമായിരിക്കുന്നു. സൈന്യത്തിന്റെ വിഭാഗങ്ങൾ തീരുമാനപ്രകാരം പിന്മാറാൻ തയ്യാറല്ലെന്നതാണ് പുറത്തുവരുന്ന വിവരമെന്ന് അമേരിക്കൻ പ്രതിരോധ വിദഗ്ധർ പറയുന്നു.

റഷ്യൻ സൈനിക വിഭാഗത്തിലെ പല ഉദ്യോഗസ്ഥന്മാരും സ്വയം തീരുമാനമെടുക്കുകയാണ്. ചില ഇടങ്ങളിൽ നിന്ന് സേനാ പിന്മാറ്റം റഷ്യ ഔദ്യോഗികമായി തീരുമാനിച്ചെങ്കിലും ഡോൺബാസിൽ നിന്നും പിന്മാറാത്തതിന് കാരണം ചില സൈനിക ഉദ്യോഗസ്ഥരാണ്. ചിലരുടെ വ്യക്തിപരമായ കടുംപിടുത്തമാണിതിന് കാരണമെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ഡോൺബാസ് മേഖലയുടെ കിഴക്കൻ ഭാഗത്ത് റഷ്യൻ സൈന്യത്തിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് യുക്രെയ്ൻ സൈന്യം നൽകിയത്. അതിനാൽ തന്നെ ആ മേഖലയിൽ റഷ്യൻ സേന പിന്മാറാൻ തയ്യാറായിട്ടില്ല. ചുമതല വഹിക്കുന്ന മദ്ധ്യനിരയിലെ കമാന്റർമാർ സ്വയം തീരുമാനമെടുക്കുകയാണ്. മുഴുവൻ സൈന്യത്തിന്റേയും ചുമതലക്കാരെപോലെ അവർ പെരുമാറുകയാണെന്നും അമേരിക്കൻ സൈന്യം കുറ്റപ്പെടുത്തി.

യുക്രെയ്‌നിൽ നിന്നും റഷ്യയുടെ പിന്മാറ്റമെന്നത് ഉടൻ നടക്കാത്ത കാര്യമാണെന്ന തുറന്നുപറച്ചിലാണ് അമേരിക്ക നടത്തുന്നത്. മാത്രമല്ല റഷ്യ പുറമേ നിന്നുള്ള സഹായത്തിന്റെ പേരിൽ ശക്തമായ ആക്രമണം നടത്തുകയാണ്. വിദേശരാജ്യങ്ങൾ യുക്രെയ്‌നെ സഹായിക്കുന്നത് വർദ്ധിപ്പിച്ചാൽ ആക്രമണവും ശക്തമാക്കുമെന്ന മുന്നറിയിപ്പും പുടിന്റെ ഇന്നലത്തെ വിക്ടറി ഡേ ആഘോഷ പരിപാടിയിൽ നടത്തിയ കാര്യവും അമേരിക്ക ചൂണ്ടിക്കാട്ടി.