രാജ്യത്ത് ഗാര്‍ഹിക പീഡനം നേരിടുന്ന 77 ശതമാനം സ്ത്രീകളും എല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയാണെന്ന് റിപ്പോര്‍ട്ട്.

അതേസമയം വീടുകളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

18 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് സര്‍വ്വേ നടത്തിയത്. റിപ്പോര്‍ട്ട് പ്രകാരം 30 ശതമാനം പേര്‍ ശാരീരിക അതിക്രമങ്ങള്‍ക്ക് ഇരയായി. ആറ് ശതമാനം സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയാക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ കഴിഞ്ഞ സര്‍വ്വേ കാലത്ത് 31.2 ശതമാനം ആയിരുന്നുവെങ്കില്‍ ഇത്തവണ അത് 29.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

വിവാഹ ശേഷം ഭര്‍തൃവീട്ടില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ ഏറെയും ശരീരിക അക്രമമാണ്. സര്‍വ്വേയില്‍ പങ്കെടുത്തിട്ടുള്ള 28 ശതമാനം സ്ത്രീകളും ശാരീരിക അക്രമങ്ങള്‍ക്ക് ഇരയായി. 14 ശതമാനം പേര്‍ മാനസിക പീഡനത്തിന് ഇരയാക്കപ്പെട്ടു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഈ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ 77 ശതമാനവും എല്ലാം ഉള്ളിലൊതുക്കി സഹിച്ച്‌ ജീവിക്കുന്നു. 14 ശതമാനം സ്ത്രീകള്‍ മാത്രമാണ് നിയമസഹായം തേടുന്നത്. 40 മുകളില്‍ പ്രായമുള്ള സ്ത്രീകളാണ് കൂടുതലും അക്രമത്തിന് ഇരയാകുന്നത് എന്നും പുതു തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ഇത്രയധികം അക്രമങ്ങള്‍ നേരിടേണ്ടി വരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.