‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്ബനിയുടെ മൂന്നാമത്തെ ചിത്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. സിനിമയില്‍ സുപ്രധാന വേഷത്തില്‍ ഫഹദ് ഫാസിലും എത്തുമെന്നാണ് വിവരം. ‘ ആമേന്‍’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് പി എസ് റഫീഖ് ആണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍, ലിജോ ജോസ് പെല്ലിശ്ശേരിയില്‍ നിന്നോ മമ്മൂട്ടിയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നോ പുതിയ സിനിമയെക്കുറിച്ച്‌ അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല.

അതേ സമയം, മമ്മൂട്ടിയെ നായകനാക്കി ലിജോ ഒരുക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് കിട്ടിയത്.

‘പുഴു’വാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. സിനിമ മെയ് 13നാണ് സോണി ലിവ് വഴി സ്ട്രീമിങ്ങ് ആരംഭിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.