തന്നെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചെന്ന കേസില്‍ നടി മഞ്ജു വാര്യര്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് എതിരെ നല്‍കിയ പരാതിയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സംഭവം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.

ഇപ്പോഴിതാ നടി മഞ്ജുവിന് എതിരെ ശബദം ഉയര്‍ത്തിയതില്‍ തനിക്കും ഭയമുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ മനീഷ് കുറുപ്പ്. സിനിമയുടെ പേരില്‍ തന്നെ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. മഞ്ജു വാര്യറും സൗബിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ എത്തുന്ന സിനിമയായ വെള്ളരിപ്പട്ടണത്തിന്റെ പേര് പൂര്‍ണമായും മാറ്റി മറ്റൊരു പേര് ഇടണം എന്നാണ് വെള്ളരിക്കാപ്പട്ടണത്തിന്റെ സംവിധായകനായ മനീഷ് കുറുപ്പ്.

നിരന്തരം ഇതേ കുറിച്ച്‌ ചര്‍ച്ചകള്‍ ഉയര്‍ന്നു വരികയും പരാതിപ്പെടുകയും ചെയ്ത ശേഷമാണ് മഞ്ജു നായികയായി എത്തുന്ന സിനിമയുടെ പേര് വെള്ളരിപ്പട്ടണം എന്നാക്കി മാറ്റിയത്. എന്നാല്‍ സിനിമയുടെ പേര് പൂര്‍ണമായും മാറ്റാതെ തനിക്ക് ഒരു രക്ഷയുമില്ലെന്നും തന്റെ സിനിമയായ വെള്ളരിക്കാപ്പട്ടണം ഇറക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് മനീഷ്.

ഇപ്പോഴിതാ താന്‍ മഞ്ജുവിന് എതിരെയും അവരുടെ സിനിമയ്ക്ക് എതിരേയും സംസാരിക്കുന്നത് കൊണ്ട് തന്നെ സനല്‍ കുമാറിന് സംഭവിച്ചത് തനിക്കും സംഭവിക്കുമോ എന്ന ഭയം ഉണ്ടെന്നും മനീഷ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി..

പേരിന്‌റെ പ്രശ്‌നവും മഞ്ജു വാര്യര്‍ നായികയായി എത്തുന്ന വെള്ളരിപ്പട്ടണത്തോട് പ്രശ്‌നങ്ങള്‍ നില നിന്ന കാരണവും കൊണ്ട് പലരും തന്റെ സിനിമയില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ടെന്നും അത് സാമ്ബത്തികമായും മാനസികമായും തന്നെ ഒരുപാട് തളര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.