കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് ഐ എ എസ് ഉദ്യോഗസ്ഥ പൂജ സിംഗാളിനും അവരുടെ കുടുംബത്തിനും എതിരെ ഇ ഡി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റെയ്ഡുകള്‍ നടത്തിയിരുന്നു.

നാല് സംസ്ഥാനങ്ങളിലായി ഉദ്യോഗസ്ഥയ്ക്ക് ബന്ധമുണ്ടെന്ന് കരുതുന്ന 18 സ്ഥലങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്. സിംഗാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന റാഞ്ചി ആസ്ഥാനമായുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടില്‍ നിന്ന് 18 കോടിയാണ് കണ്ടെത്തിയത്.

ആരാണ് പൂജ സിംഗാള്‍ ഐ എ എസ്

ജാര്‍ഖണ്ഡ് ഗവണ്‍മെന്റിന്റെ മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ സെക്രട്ടറിയാണ് പൂജ സിംഗാള്‍. 2000 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ സിംഗാള്‍. നേരത്തേ ഛത്ര, ഖുന്തി, പലാമു ജില്ലകളില്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ പൂജാ സിംഗാളിനെതിരെ ഗുരുതരമായ സാമ്ബത്തിക ക്രമക്കേടുകള്‍ ഉയര്‍ന്നിരുന്നു. മുന്‍ ബി ജെ പി സര്‍ക്കാരില്‍ കൃഷി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഖനികളുമായി ബന്ധപ്പെട്ട വകുപ്പില്‍ പ്രവര്‍ത്തിച്ചപ്പോഴാണ് ഇവര്‍ അനധികൃതമായി പണസമ്ബാദനം നടത്തിയത്. പലാമുവിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കവേ പൂജാ സിംഗാള്‍ 83 ഏക്കര്‍ ഭൂമി ഖനനത്തിനായി സ്വകാര്യ കമ്ബനിക്ക് കൈമാറിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഐഎഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ പുര്‍വാറിനെയാണ് പൂജ ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. വിവാഹമോചിതയായ പൂജ പിന്നീട് റാഞ്ചിയിലെ പള്‍സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ഝായെ വിവാഹം ചെയ്തു. ഇദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിലും ഇ ഡി അന്വേഷണം നടത്തുന്നുണ്ട്. പള്‍സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഡയറക്ടര്‍മാരിലൊരാളായ പൂജാ സിംഗാളിന്റെ സഹോദരന്‍ സിദ്ധാര്‍ത്ഥ് സിംഗാളും അന്വേഷണ പരിധിയിലാണ്. സിംഗാളുമായി ബന്ധമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടില്‍ നിന്ന് 18 കോടി രൂപ കണ്ടെടുത്തത് ദേശീയ മാദ്ധ്യമങ്ങളടക്കം പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.