നാവികസേനാ യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലെ പൊട്ടിത്തെറിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പൊട്ടിത്തെറി ആയുധങ്ങൾ കൊണ്ടോ യുദ്ധസാമഗ്രികൾ കൊണ്ടോ അല്ല. കപ്പലിലെ ആളൊഴിഞ്ഞ എസി കമ്പാർട്ട്മെൻ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫ്രിയോൺ വാതകച്ചോർച്ചയാണ് അപകടകാരണമെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൊളാബാ പൊലീസ് അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എസി പ്ലാൻ്റിൻ്റെ മുകളിലെ മെസിലുണ്ടായിരുന്നവരാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ കൃഷ്ണൻ കുമാർ, മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ സുരേന്ദ്ര കുമാർ, ചീഫ് പെറ്റി ഓഫീസർ എകെ സിംഗ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.