കാലവർഷവും തുലാവർഷവും തകർത്താടിയപ്പോൾ കേരളത്തിന് ലഭിച്ചത് 60 വർഷത്തിനിടയിലെ റെക്കോർഡ് മഴ. ഇതാദ്യമായാണ് ഇത്രയും അധികം മഴ സംസ്ഥാനത്ത് ലഭിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം 3523.3 മില്ലിമീറ്റർ മഴയാണ് പെയ്തത്. പ്രളയമുണ്ടായ 2018ൽ പോലും ഇത്രയും മഴ ലഭിച്ചിരുന്നില്ല. 2018ൽ 3519 മില്ലിമീറ്റർ മഴയാണ് കേരളത്തിന് ലഭിച്ചത്.

1961ആണ് ഇതിനു മുൻപ് റെക്കോർഡ് മഴ ലഭിച്ചത്. അന്ന് 4257 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഈ വർഷം അവസാനിക്കാൻ ഇനി ഒരു മാസം കൂടി അവശേഷിക്കേ, പകുതി മാസങ്ങളിലും ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു. ജനുവരി, മാർച്ച്, ഏപ്രിൽ, മേയ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ എന്നീ മാസങ്ങളിൽ അധിക മഴ ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ വർഷം ശൈത്യകാലത്തും, വേനൽക്കാലത്തും, തുലാവർഷക്കാലത്തും കനത്ത മഴ ലഭിച്ചു. അതേസമയം, ഇടവപ്പാതിക്കാലമായ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴ താരതമ്യേന കുറവായിരുന്നു. ഒക്ടോബറിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. ശരാശരി 590 മില്ലിമീറ്റർ മഴയാണ് ഒക്ടോബർ മാസം ലഭിച്ചത്. സാധരണയായി 303 മില്ലിമീറ്റർ മഴയാണ് ഈ മാസം ലഭിക്കാറുള്ളത്.