ഇന്ത്യൻ വ്യോമസേനയുടെ സുവർണ്ണ ശരവ്യൂഹത്തിലേക്ക് ബാക്കിയുള്ള ആറ് റഫേലുകളുടനെയെത്തും. നിലവിൽ ഇന്ത്യൻ നിർമ്മിത മിസൈലുകളും റഡാർ ജാമറുകളും ഘടിപ്പിച്ചശേഷമാണ് അത്യാധുനിക വിമാനങ്ങൾ എത്തുക. ജനുവരി ആദ്യവാരത്തോടെ എല്ലാവിമാനങ്ങളും എത്തുമെന്ന് വ്യോമസേന സ്ഥിരീകരിച്ചു.

വിവിധ പരീക്ഷണങ്ങളാണ് ഫ്രഞ്ച് വ്യോതാവളത്തിൽ ആറു വിമാനങ്ങളും നടത്തി ക്കൊണ്ടിരിക്കുന്നത്. കരാർ പ്രകാരം 36 വിമാനങ്ങളിൽ 30 എണ്ണവും ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ഹിമാലയൻ അതിർത്തിയിലെ കാലാവസ്ഥയും ഉയരവും കീഴടക്കാൻ പാകത്തിനുള്ള ഇന്ത്യൻ നിർമ്മിത സംവിധാനങ്ങളാണ് ദെസോ ഏവിയേഷൻ റാഫേലുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പത്തിലേറെ വൈമാനികരാണ് ഫ്രാൻസിൽ റഫേലുകളിൽ പരീക്ഷപറക്കൽ നടത്തുന്നത്.

ഇന്ത്യയിൽ നിലവിലുള്ള 30 റഫേലുകളും ഘട്ടം ഘട്ടമായി ഇന്ത്യൻ സാങ്കേതിക വിദ്യകളിലേയ്‌ക്കും മിസൈലുകൾ ഉപയോഗിക്കുന്ന തരത്തിലേക്കും മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്. അംബാല, ഹഷിമാര വ്യോമതാവളങ്ങളിലാണ് നിലവിൽ റാഫേലുകളുള്ളത്.

റഫേലുകളിൽ നിലവിൽ ഘടിപ്പിച്ചിരിക്കുന്ന മെറ്റിയോർ മിസൈലുകൾ വായുവിൽവെച്ച് തന്നെ ശത്രുവിമാനങ്ങളെ തകർക്കുന്നവയാണ്. ഇവയ്‌ക്കൊപ്പം 300 കിലോമീറ്റർ ദൂരത്തു വെച്ചുതന്നെ ആകാശത്തുനിന്നും കരയിലേക്ക് ശത്രുവിന്റെ ലക്ഷ്യം തകർക്കുന്ന സ്‌കാൽപ് മിസൈലുകളും റഫേലിലുണ്ട്. ഇവയ്‌ക്കൊപ്പം ഹാമറെന്ന മിസൈലുകൾ 60 കിലോമീറ്റർ ദൂരത്തുവെച്ചുതന്നെ ശത്രുപാളയങ്ങളെ അഗ്നിഗോളമാക്കി മാറ്റും.

ആകാശത്ത് റഫേലുകളും കരയിൽ റഷ്യൻ നിർമ്മിത മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ഉം നിരക്കുന്ന ഇരട്ട പ്രഹമരാണ് ചൈനയേയും പാകിസ്താനേയും കാത്തിരിക്കുന്നത്. ഇന്ത്യയുടെ എല്ലാ അതിർത്തികളും ശക്തമായ പ്രതിരോധ സംവിധാനത്തിലേക്ക് ജനുവരി യോടെ മാറുമെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.