സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഒരുക്കങ്ങൾ വേഗത്തിലാക്കി വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകൾ. മാർഗ്ഗരേഖ തയ്യാറാക്കാൻ വ്യാഴാഴ്‌ച്ച ഉന്നതതല യോഗം ചേരും. എല്ലാ ക്ലാസുകളിലും മാസ്‌ക്ക് നിർബന്ധമാക്കുകയും ബസ് ഉൾപ്പെടെ അണുവിമുക്തമാക്കുകയും ചെയ്യും. ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വേണമോയെന്നും ആലോചിക്കും.

സ്‌കൂളുകൾ തുറക്കാനുള്ള ആരോഗ്യപരമായ ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും എല്ലാ ആശങ്കകളും പരിഹരിച്ച ശേഷം മാത്രമാകും സ്‌കൂൾ തുറക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒന്നു മുതൽ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകൾ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദ്ദേശിച്ചിരുന്നു.

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേർന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. കുട്ടികളെ വാഹനങ്ങളിൽ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.