കാത്തിരിപ്പിനൊടുവിൽ കൊച്ചി – കൊല്ലം ചരക്ക് കപ്പൽ സർവീസിന് തുടക്കമായി. എഫ്.സി.ഐക്കുള്ള ഭക്ഷ്യവസ്തുക്കളുമായാണ് അഞ്ചുവർഷത്തിനുശേഷം കൊല്ലം തീരത്തേക്ക് ചരക്കുകപ്പലെത്തുന്നത്. പ്രതിവാര സർവീസായി തുറമുഖത്തേക്ക് കപ്പൽ യാത്ര തുടരും.

അഞ്ചു വർഷങ്ങൾക്ക് ശേഷം ചരക്കുമായി കൊല്ലം തുറമുഖത്തേക്കെത്തിയ കപ്പലിനെ സ്വീകരിച്ചത് ആവേശകരമായി. മുൻ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ്, മാരിടൈം ബോർഡ് ചെയർമാൻ വി ജെ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കപ്പലിനെ സ്വീകരിച്ചത്. കൊല്ലത്തേക്ക് ആദ്യമെത്തുന്ന കപ്പലിൽ ചരക്കായി ഉണ്ടാകേണ്ടിയിരുന്നത് കശുവണ്ടി ആകണമെന്നായിരുന്നു വ്യക്തിപരമായ ആഗ്രഹമെന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

നിലവിൽ ആഴ്ചയിൽ ഒരു തവണ സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്ക് റോഡ് മാർഗ്ഗം എത്തുന്ന ചരക്കുകൾ കൊല്ലം തുറമുഖം വഴിയാക്കാനുള്ള ചർച്ച നടക്കുന്നു.

കപ്പലിൻ്റെ കൊച്ചിയിലേക്കുള്ള മടക്കയാത്രക്ക് 25 കണ്ടെയ്നറുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ ചരക്കുകൾ ലഭിച്ചാൽ സർവീസുകൾ വർധിപ്പിക്കുവാനും ആലോചനയുണ്ട്.