കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമാി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം വര്‍ധിച്ചേക്കാമെന്ന് സ്ഥലം എംഎല്‍എ പി.ടി.എ റഹീം. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ നിന്നാണ് കൂടുതല്‍ സമ്പര്‍ക്കം ഉണ്ടായിരിക്കുന്നത്. പാഴൂര്‍ മേഖലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത് പതിനെട്ട് പേര്‍ മാത്രമാണെന്നും എംഎല്‍എ പറഞ്ഞു.

രോഗ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഒരു വവ്വാലിന്റെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ശേഖരിക്കുന്ന സാമ്പിളുകള്‍ തിരുവനന്തപുരത്തേയും ഭോപ്പാലിലെയും ലാബുകളിലേക്ക് പരിശോധനയക്കായി അയക്കും. ഈ ഫലം അടിസ്ഥാനമാക്കിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. പ്രദേശത്തെ വവ്വാലിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

കേരളത്തില്‍ നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് തമിഴ്‌നാട് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തെങ്കാശി, കന്യാകുമാരി ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. പരിശോധന ശക്തമാക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കും. അതിര്‍ത്തി ജില്ലകളില്‍ സമ്പൂര്‍ണ കൊവിഡ് വാക്‌സിനേഷന്‍ നടപ്പാക്കാന്‍ പത്താം തീയതി മുതല്‍ മെഗാ ക്യാംപ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്‌മണ്യന്‍ നിയമസഭയില്‍ അറിയിച്ചു.