ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇക്വഡോറിനെതിരെ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍. പോര്‍ട്ടോ അലെഗ്രയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ ഇക്വഡോറിനെ മറികടന്നത്. 65ആം മിനിറ്റില്‍ റിച്ചാര്‍ലിസനും ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെ നെയ്മറുമാണ് ബ്രസീലിനായി ഗോള്‍ നേടിയത്.അഞ്ച് വര്‍ഷത്തെ ഇടവേളക്കുശേഷം ബ്രസീല്‍ കുപ്പായമണിഞ്ഞ ഫ്‌ളമെിംഗോ താരം ഗബ്രിയേല്‍ ബാര്‍ബോസ ഇടവേളക്ക് തൊട്ടുമുൻപ് ബ്രസീലിനായി സ്‌കോര്‍ ചെയ്‌തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതിനാല്‍ ഗോളനുവദിച്ചില്ല.

തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. നെയ്മറിന്റെ പാസില്‍, മികച്ച ഹാഫ്വോളിയിലൂടെയാണ് 65ാം മിനിറ്റില്‍ റിച്ചാര്‍ളിസണ്‍ ഇക്വഡോറിന്റെ ഗോള്‍വല ചലിപ്പിച്ചത്. റിച്ചാര്‍ളിസന്റെ ഒന്‍പതാം രാജ്യാന്തര ഗോളാണ് ഇത്.

കളിക്കളത്തിലെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു ഇന്‍ജുറി ടൈമിലെ നെയ്മറിന്റെ ഗോള്‍. ബോക്സില്‍, ജീസസിനെ പ്രെക്യാഡോ ഫൗള്‍ ചെയ്തതിനാണ് പെനല്‍റ്റി ലഭിച്ചത്. ഗ്രൂപ്പില്‍ അഞ്ച് കളികളില്‍ അഞ്ച് ജയവുമായി 15 പോയന്റുമായി ബ്രസീല്‍ ഒന്നാമതും അഞ്ച് കളികളില്‍ മൂന്ന് ജയവുമായി 11 പോയന്റുള്ള അര്‍ജന്റീന രണ്ടാമതുമാണ്.