തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ അതി തീവ്ര രോഗവ്യാപനമുള്ള നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരിക. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്‍ക്കുക, മാസ്ക്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകും.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച്‌ നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്‍റൈന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ്ങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്ക് മാത്രമല്ല, അതിനു സഹായം നല്‍കുന്നവര്‍ക്കെതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കര്‍ശനമായ നടപടികള്‍ എടുക്കും. ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് വാര്‍ഡ് സമിതികള്‍ നേതൃത്വം നല്‍കണം. കമ്യൂണിറ്റി കിച്ചനുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണം.

അതില്‍ക്കവിഞ്ഞുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പരിപൂര്‍ണമായി ഒഴിവാക്കണം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന ജില്ലകളില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ. അകത്തേയ്ക്കും പുറത്തേയ്ക്കും യാത്രയ്ക്കായുള്ള ഒരു റോഡൊഴികെ കണ്ടെയ്ന്‍മെന്‍റ് സോണ്‍ മുഴുവനായും അടയ്ക്കും.