കാനഡയിലെ, ഒണ്‍ടാരിയോയില്‍ സ്ഥിതി ചെയ്യുന്ന കിഡ് ക്രീക്കില്‍ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജലം ചൊവ്വയിലെ ജീവനെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കുമെന്ന പുതുപ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. 2009ലാണ് ബാര്‍ബറ ലോളര്‍ എന്ന ടൊറന്റോ സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞ ജലം കണ്ടെത്തിയത്.

1992ല്‍ തന്നെ, ഖനിയായ കിഡ് ക്രീക്കില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയെങ്കിലും അന്നത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്കിപ്പുറം നടത്തിയ സന്ദര്‍ശനത്തില്‍ ഈ ജലം ലോളറുടെ ശ്രദ്ധയില്‍ പെട്ടു. ഖനിയില്‍ ഭൗമനിരപ്പില്‍ നിന്നു മൂന്നു കിലോമീറ്ററോളം താഴ്ചയിലായിരുന്നു ഈ ജലം സ്ഥിതി ചെയ്യുന്നത്. മൂക്കിനെ കീറിമുറിച്ചു കളയുന്ന ദുര്‍ഗന്ധമുള്ള ജലത്തിന്റെ സാംപിളുകള്‍ ലാബുകളിലേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഇതിന്റെ പ്രായം കണക്കാക്കപ്പെട്ടത്.

എന്നാല്‍ ഇപ്പോള്‍ വീണ്ടും ഈ കണ്ടെത്തല്‍ ശ്രദ്ധേയമായിരിക്കുകയാണ്. ചൊവ്വയില്‍ ജീവനുണ്ടോയെന്ന അന്വേഷണത്തിന് ഇത് ഉത്തരമേകുമെന്നാണ്, ഇപ്പോള്‍ ഉന്നത ശാസ്ത്രപുരസ്കാരങ്ങള്‍ നേടിയ ബാര്‍ബറ പറയുന്നത്.

താന്‍ പണ്ടു കണ്ടെത്തിയ വെള്ളത്തില്‍ നിറയെ രാസവസ്തുക്കള്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. കടല്‍വെള്ളത്തേക്കാള്‍ പത്തിരട്ടി ലവണങ്ങളുള്ളതാണ് ഈ ആദിമജലം. എന്നാല്‍ ഈ സാഹചര്യങ്ങളിലും കീമോലിഥോട്രോപിക് ബാക്ടീരിയ എന്ന സൂക്ഷ്മകോശജീവികള്‍ക്ക് ഈ ആദിമജലത്തില്‍ ജീവിക്കാന്‍ കഴിയുന്നുണ്ടെന്ന് ബാര്‍ബറയുടെ തുടര്‍പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ജലത്തിലുള്ള നൈട്രജന്‍, സള്‍ഫേറ്റ് രാസസംയുക്തങ്ങള്‍ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നതും.

ആദിമകാലത്ത് ഏകകോശജീവികളില്‍ നിന്നു ബഹുകോശജീവികളുടെ ഉയര്‍ച്ചയ്ക്കു വഴിവച്ച കടല്‍ത്തിട്ടകളുടെ അതേ രസതന്ത്രമാണ് കിഡ് ക്രീക്ക് ഖനിയില്‍ കണ്ടെത്തിയത്. കിഡ് ക്രീക്ക് ഖനി സ്ഥിതി ചെയ്യുന്ന മേല പണ്ടൊരു കടല്‍ അടിത്തട്ടിന്റെ ഭാഗമായിരുന്നെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്.

മാത്രവുമല്ല ഇവിടത്തെ സാഹചര്യങ്ങള്‍ ചൊവ്വയിലെ ഉപോപരിതല സാഹചര്യങ്ങളുമായി വലിയ സാമ്യം പുലര്‍ത്തുന്നു. ഭൂമിയില്‍ നിന്നു രണ്ടരക്കിലോമീറ്റര്‍ താഴെ രാസവസ്തുക്കള്‍ നിറഞ്ഞ വെള്ളത്തില്‍ ജീവന് നിലനില്‍ക്കാമെങ്കില്‍ ചുവന്ന ഗ്രഹത്തിന്റെ ഉപോപരിതലത്തിലെ ജലത്തിലും ജീവന്‍ കാണാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചൊവ്വയില്‍ ഉപോരിതലത്തില്‍ ഇതു വരെ ജലം കണ്ടെത്താനായിട്ടില്ല. എന്നാല്‍ പെഴ്സിവീയറന്‍സ് ദൗത്യത്തിനു ശേഷം പോകുന്ന കൂടുതല്‍ നവീകരിച്ച ദൗത്യങ്ങള്‍ക്ക് ഇതു കണ്ടെത്താനായേക്കുമെന്നാണു ശാസ്ത്ര‍ജ്ഞരുടെ പ്രതീക്ഷ.