രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്. സിപിഎമ്മിലെ കേരളത്തിലെ പിബി മെബര്‍മാര്‍ നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടായത്. എന്നാല്‍ വകുപ്പ് മന്ത്രിമാരെ കുറിച്ച്‌ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

2016 മെയ് 25നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. മന്ത്രിമാരെ സംബന്ധിച്ച്‌ സിപിഐ- സിപിഎം ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷവും ഘടക കക്ഷികളെ പരിഗണിക്കുന്നത് ചര്‍ച്ച ചെയ്യുക. ഇത്തവണ പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തിയാകും മന്ത്രിസഭ രൂപീകരിക്കുന്നതെന്നും സൂചനയുണ്ട്.

17ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെന്ററില്‍ ചേരും. അതിന് ശേഷം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ. സാങ്കേതികമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും.

ഇന്ന് സിപിഎം യോഗം ചേര്‍ന്നെങ്കിലും വകുപ്പ് വിഭജനം സംബന്ധിച്ച്‌ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുത്തേക്കും. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ലളിതമായിട്ടായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുക. മന്ത്രിമാരുടെ ബന്ധുക്കളെ ഉള്‍പ്പടെ പരമാവധി ആളെ ചുരുക്കിയാകും ചടങ്ങ്.