ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാണെന്ന വിക്ജ്ഞാപനം പുറത്തിറക്കി കേരളസര്‍ക്കാര്‍.1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14 എ യിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്.പോളി വടക്കന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഓണ്‍ലൈന്‍ ചൂതാട്ടങ്ങളും സമാനമുള്ളതൊക്കെയും നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ചത്. ഒട്ടനവധി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളാണ് ഇതേ തരത്തില്‍ ജനങ്ങള്‍ക്കിടയിലുള്ളത്. അതെല്ലാം തന്നെ ജനജീവിതത്തെയും മറ്റും കാര്യമായി ബാധിച്ചിട്ടുമുണ്ട്. തട്ടിപ്പുകള്‍ തുടര്‍ക്കഥകളാകുന്നുണ്ട് ഓണ്‍ലൈന്‍ മത്സരങ്ങളിലും മറ്റും. ഇതില്‍ പെട്ടുപോകുന്നതാകട്ടെ സാധാരണക്കാരായ മനുഷ്യരും. ഓണ്‍ലൈന്‍ റമ്മി പോര്‍ട്ടലുകളുടെ ബ്രാന്റ് അംബാസഡര്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാപ്റ്റന്‍ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജുവര്‍ഗീസ് എന്നിവര്‍ക്ക് കോടതി നോട്ടീസ് നല്‍കിയിരുന്നു.
കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച്‌ പരസ്യമായി പണം വെച്ച്‌ ചീട്ടുകളിക്കുന്നത് കണ്ടാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ പ്രചാരം നേടുന്നത്. ഇതിനുപിറകില്‍ നടക്കുന്ന ഒരുപാട് ചൂഷണങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിയത്കൊണ്ടാണ് ഇത്തരത്തില്‍ ഒരു വിക്ജ്ഞാപനത്തിലേക്ക് നീങ്ങുന്നതെന്നാണ് പ്രാഥമികമായ വിവരം. മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെക്കൊണ്ട് കളിപ്പിക്കുകയും എതിര്‍വശത്തിരിക്കുന്നവരെ വലിയതോതില്‍ ചൂഷം ചെയ്യുന്നതും അധികരിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് വേദിയാകുന്നത് കൊണ്ട് തന്നെ ഈ മത്സരങ്ങളും കളികളും അവസാനിപ്പിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ആവശ്യമാണ്.