സനാ: ഗാസ യുദ്ധത്തില്‍ പാലസ്തീനികളെ പിന്തുണച്ച് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരുന്നതിനിടെ തങ്ങളുടെ മിസൈലുകള്‍ ചെങ്കടലില്‍ ആന്‍ഡ്രോമിഡ സ്റ്റാര്‍ എണ്ണക്കപ്പലില്‍ പതിച്ചതായി യമനിലെ ഹൂതികള്‍ വ്യക്തമാക്കി. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ യമനില്‍ നിന്ന് ചെങ്കടലിലേക്ക് മൂന്ന് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് സ്ഥിരീകരിച്ചത്. ഇത് ആന്‍ഡ്രോമിഡ സ്റ്റാറിന് ചെറിയ കേടുപാടുകള്‍ വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യയുമായി ബന്ധിപ്പിച്ചുള്ള വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ടാങ്കര്‍ റഷ്യയിലെ പ്രിമോര്‍സ്‌കില്‍ നിന്ന് ഗുജറാത്തിലെ വാദിനാറിലേക്കുള്ള യാത്രയിലായിരുന്നു. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായി കപ്പലിന്റെ മാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രെ പറഞ്ഞു. രണ്ടാമത്തെ കപ്പലായ എം.വി മൈഷയുടെ സമീപത്ത് ഒരു മിസൈല്‍ ഇറങ്ങിയെങ്കിലും അതിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയ സൈറ്റായ എക്സില്‍ അറിയിച്ചു.

ഇസ്രായേല്‍, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണത്തിന് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ആന്‍ഡ്രോമിഡ സ്റ്റാറിനെതിരെ ആക്രമണം നടന്നിരിക്കുന്നത്.