മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിൽ നടൻ സാഹിൽ ഖാനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ജാമ്യം തേടിയുള്ള സാഹിൽ ഖാന്റെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. മുംബൈ പൊലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘം ഛത്തിസ്ഗഡിൽ നിന്നാണ് നടനെ അറസ്റ്റ് ചെയ്തത്. ഛത്തിസ്ഗഡ് പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് സാഹിൽ ഖാനെ പിടികൂടിയത്. ഇയാളെ മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും. സാഹിൽ ഖാന്റെ പേരിലുള്ള ‘ദ് ലയൺ ബുക് ആപ്’ മഹാദേവ് ബെറ്റിങ് ആപിന്റെ ഭാഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

ഛത്തിസ്ഗഡിലെ സാമ്പത്തിക റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും മഹാദേവ് ആപ്പിന്റെ പ്രൊമോട്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകൾ സംബന്ധിച്ച് എസ്ഐടി അന്വേഷണം നടത്തി വരികയാണ്. മഹാദേവ് ആപ്പിന്റെ ഭാഗമായ മറ്റൊരു ആപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തു എന്ന കാരണം ചൂണ്ടിക്കാട്ടി നടി തമന്നയോട് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. 

ഫെയർപ്ലേ ബെറ്റിങ് ആപ്പിലൂടെ ഇന്ത്യൻ പ്രിമിയർ ലീഗ് മത്സരങ്ങൾക്ക് പ്രചാരണം നൽകിയതിന് മഹാരാഷ്ട്ര സൈബർ സെല്ലാണ് തമന്നയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് 6000കോടിയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. 

കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ. ഇവരുടെ പ്രവർത്തനങ്ങൾ ദുബായ് കേന്ദ്രീകരിച്ചായിരുന്നു.2023 ഫെബ്രുവരിയിൽ യുഎഇയിൽ സൗരഭ് ചന്ദ്രകാറിന്റെ വിവാഹ ചടങ്ങുകൾക്കായി 200 കോടി ചെലവഴിച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്. നാഗ്പുരിൽ നിന്ന് യുഎഇയിലേക്ക് കുടുംബാംഗങ്ങളെ എത്തിക്കാൻ സ്വകാര്യ വിമാനങ്ങൾ വാടകയ്‌ക്കെടുത്തിരുന്നു.

ഇ.ഡി ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം വിവാഹ ചടങ്ങുകൾക്കായി ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് 112 കോടി ഹവാല വഴി കൈമാറി. ഹോട്ടൽ ബുക്കിങ്ങിനുള്ള 42കോടി പണമായാണ് നൽകിയത്. ഛത്തിസ്ഗഡിലെ ഭിലായിൽ ജൂസ് വിൽപനക്കാരനായിരുന്നു സൗരവ് ചന്ദ്രകാർ. ഉപ്പൽ എൻജിനീയറിങ് ബിരുദധാരിയും. പ്രാദേശിക വാതുവയ്പ്പുകാരായി തുടങ്ങിയ ഇവർ 2018ൽ ദുബായിലേക്ക് മാറി ആപ് ആരംഭിച്ചു. ഇന്ത്യയിൽ വാതുവയ്പ് നിരോധിച്ചതിനാൽ, രാജ്യത്ത് വിവിധ പേരുകളിലാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. പുതിയ ഉപയോക്താക്കളെ എൻറോൾ ചെയ്യുന്നതിനും യൂസർ ഐഡികൾ സൃഷ്ടിക്കുന്നതിനും ബെനാമി ബാങ്ക് അക്കൗണ്ടുകളുടെ ഒരു ലേയേർഡ് വെബ് വഴി പണം വെളുപ്പിക്കുന്നതിനും ആപ്പ് ഉപയോഗിച്ചിരുന്നു. 

വാതുവയ്‌പ്പിലൂടെ ലഭിക്കുന്ന തുക ഓഫ്‌ഷോർ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് വലിയ തോതിലുള്ള ഹവാല പ്രവർത്തനങ്ങൾ നടത്തിയെന്നും ഇ.ഡി പറയുന്നു. പുതിയ ഉപയോക്താക്കളെയും ഫ്രാഞ്ചൈസികളെയും ആകർഷിക്കാൻ വാതുവയ്പ് വെബ്‌സൈറ്റുകളുടെ പരസ്യത്തിനായി ഇന്ത്യയിൽ വലിയ തുക പണമായി ചെലവഴിച്ചിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.