ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ‘ബീഫ്’ വിഷയം ചർച്ചയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തിയാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. കോൺഗ്രസിന്റെ പ്രകടന പ്രകടനപത്രികയെ ബിജെപി ശക്തമായി വിമർശിക്കുന്നതിനിടെയാണ്, യോഗിയുടെ പുതിയ ആരോപണം.

പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘‘ പശുവിനെ പവിത്രമായി കണക്കാക്കുന്നതിനാൽ രാജ്യത്തെ ഹിന്ദു സമുദായം ബീഫ് ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ്. ഇക്കാര്യത്തിൽ മുസ്‌ലിംകൾക്ക് ഒഴിവു നൽകാനുളള കോൺഗ്രസ് തീരുമാനം അംഗീകരിക്കാൻ സാധിക്കാത്തതാണ്.’’ യോഗി പറഞ്ഞു. 

ഗോവധ നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഉത്തർപ്രദേശ് ഗോഹത്യ തടയൽ (ഭേദഗതി) നിയമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഗോവധത്തെ ചുറ്റിപ്പറ്റിയുള്ള നിയന്ത്രണങ്ങൾ ശക്തമാക്കി പുതിയ നിരവധി വ്യവസ്ഥകൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. പത്തു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ് ഗോവധം. ഗോവധത്തിന് പുറമേ പശുക്കടത്തിനും കടുത്തശിക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.