ആം ആദ്മി പാര്‍ട്ടി പ്രചാരണത്തില്‍ സജീവമായി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. കിഴക്കന്‍ ഡല്‍ഹിയെ ഇളക്കി മറിച്ചായിരുന്നു സുനിത കെജ്‌രിവാളിന്റെ റോഡ് ഷോ. കെജ്‌രിവാളിനെ സ്വീകരിച്ചത് പോലെ സുനിത കെജ്‌രിവാളിനെയും ഡല്‍ഹി ജനത സ്വീകരിക്കും എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ.

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ തീഹാര്‍ ജയിലില്‍ ആയതിനെ തുടര്‍ന്നാണ് ഭാര്യ സുനിയ പാര്‍ട്ടി പ്രചാരണത്തില്‍ സജീവമായത്. അരവിന്ദ് കെജ്‌രിവാളിന് ഡല്‍ഹിയില്‍ ലഭിക്കുന്ന അതേ പിന്തുണ ഭാര്യ സുനിത കേജ്രിവാളിനും ലഭിക്കുന്ന കാഴ്ചയാണ് കിഴക്കന്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ കാണാന്‍ കഴിഞ്ഞത്. കിഴക്കന്‍ ഡല്‍ഹിയിലെ സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിന്റെ റോഡ് ഷോയ്ക്ക് കാറിന്റെ മുകളില്‍ ഇരുന്ന സുനിതയെ കാണാന്‍ നിരവധി ആളുകളാണ് റോഡിന്റെ ഇരു വശങ്ങളിലും തടിച്ചു കൂടിയത്.

ജനങ്ങള്‍ അരവിന്ദ് കെജ്‌രിവാളിനും സുനിത കെജ്‌രിവാളിനും മുദ്രാവാക്യം വിളിച്ചു. ഏകാധിപതിയുടെ ഭരണത്തെ തുടച്ചുനീക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് സുനിത വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.