സംസ്ഥാന അധ്യക്ഷന്റെ വിജയ് യാത്ര പുരോഗമിക്കവേ മുസ്ലീംലീഗിനെ ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷം. ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ശോഭാ സുരേന്ദ്രന്‍ ഇന്ന് വീണ്ടും രംഗത്തെത്തി. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും ലീഗ് വര്‍ഗീയ കക്ഷിയാണെന്നതില്‍ ഉറച്ചു നില്‍ക്കുന്നതായും കെ.സുരേന്ദ്രന്‍ തിരിച്ചടിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴും സംസ്ഥാന ബിജെപിയിലെ പോരിന് ഒരു ശമനവുമില്ല. വിജയ് യാത്രയ്ക്കിടെ സംസ്ഥാന അധ്യക്ഷനെ തള്ളി ശോഭാ സുരേന്ദ്രന്‍ ലീഗിനെ എന്‍ഡിഎയിലേക്ക് വീണ്ടും സ്വാഗതം ചെയ്തതാണ് നിലവിലെ വിവാദം. നരേന്ദ്ര മോദിയുടെ നയങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് പറഞ്ഞാല്‍ മുസ്ലീംലീഗിനേയും സ്വീകരിക്കുമെന്നായിരുന്നു ശോഭയുടെ പ്രസംഗം. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ മുന്നണി വികസനം സംബന്ധിച്ച് വ്യക്തത തന്നിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, തൃശൂരില്‍ തന്നെ ശോഭയ്ക്ക് മറുപടി നല്‍കി കെ.സുരേന്ദ്രനും തിരിച്ചടിച്ചു. അത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ലീഗ് വര്‍ഗീയ കക്ഷിയാണെന്നതില്‍ ഉറച്ചു നില്‍ക്കുന്നു. ബിജെപിയുമായി യോജിക്കുമോയെന്ന് ലീഗാണ് വ്യക്തമാക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിനിടെ പ്രസ്താവനയില്‍ ശോഭയെ പരിഹസിച്ച് കെ.മുരളീധരനും ലീഗ് നേതൃത്വവും രംഗത്തെത്തി. ലീഗിനെ ക്ഷണിക്കാന്‍ മാത്രം ശോഭാ സുരേന്ദ്രന് പാര്‍ട്ടിയില്‍ പോലും അംഗീകാരമില്ലെന്നായിരുന്നു കെ.മുരളീധരന്റെ മറുപടി.