ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തിനൊരുക്കിയ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചുമായി ബന്ധപ്പെട്ട് ഐസിസിയെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ മൈക്കൽ വോൺ. ഇന്ത്യ പോലെ കരുത്തരായ ക്രിക്കറ്റ് ബോർഡുകൾക്ക് നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുന്നു എന്ന് വോൺ കുറ്റപ്പെടുത്തി. ഡെയിലി ടെലഗ്രാഫിലെഴുതിയ തൻ്റെ കോളത്തിലാണ് ഐസിസിക്കെതിരെ വോൺ രംഗത്തെത്തിയത്.

“ഇന്ത്യ പോലെ കരുത്തുറ്റ രാജ്യങ്ങൾ നിയമത്തിൽ നിന്ന് രക്ഷപ്പെടുന്നിടത്തോളം ഐസിസി പല്ലില്ലാത്ത പ്രസ്ഥനമായിരിക്കും. ഇന്ത്യക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഗവേണിംഗ് ബോഡി അനുവാദം നൽകുന്നു. അത് ടെസ്റ്റ് ക്രിക്കറ്റിനെയാണ് വേദനിപ്പിക്കുന്നത്. ബ്രോഡ്കാസ്റ്റർമാർ പണം തിരികെ ചോദിച്ചാൽ കാര്യങ്ങൾക്ക് മാറ്റം വന്നേക്കാം. താരങ്ങൾ മികച്ചവർ അല്ലാത്തപ്പോൾ ടെസ്റ്റ് മാച്ചുകൾ നേരത്തെ തീരുന്നത് അവർ സ്വീകരിക്കണം. അല്ലാതെ, കളി നടത്തുന്ന ക്രിക്കറ്റ് ബോർഡ് ഇത്തരം മോശം പിച്ചുകൾ ഉണ്ടാക്കുമ്പോഴല്ല. മൂന്ന് ദിവസമാണ് ഇനി അവശേഷിക്കുന്നത്. എന്നാൽ, അപ്പോഴും അവർ പ്രൊഡക്ഷൻ പണം നൽകണം. അവർ സന്തോഷവാന്മാരായിരിക്കില്ല. ടെസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് അവകാശത്തിനു നൽകുന്ന ഉയർന്ന പണത്തെപ്പറ്റി അവർ രണ്ടുവട്ടം ചിന്തിക്കുകയും ചെയ്യും.”- വോൺ കുറിച്ചു.

മൂന്നാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശർമ്മ (25), ശുഭ്മൻ ഗിൽ (15) എന്നിവർ പുറത്താവാതെ നിന്നു. തോൽവിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനൽ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്ട്രേലിയ ആവും ന്യൂസീലൻഡിൻ്റെ എതിരാളികൾ.