സാമൂഹമാധ്യമങ്ങളില്‍ ചിലര്‍ ‘ഉസ്മാന്‍’ എന്ന് വിളിക്കുന്നതില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉസ്മാന്‍ എന്ന വിളി വഴിയായി സാമൂഹമാധ്യമങ്ങളില്‍ റേറ്റിംഗ് കൂടി. ഉസ്മാന്‍ നാട്ടില്‍ എത്തി പ്രതിപക്ഷ നേതാവ് തന്നെയാണ് വിളിച്ചതെന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തി. അപ്പോള്‍ എന്നെ എതിര്‍ത്തവര്‍ക്കാണ് തിരിച്ചടിയുണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമര്‍ശിക്കുന്നതിനോട് വിരോധമുള്ളയാളല്ല. എന്റെ അടുത്ത് ഒരു പത്രക്കാരന്‍ വരുമ്പോള്‍ കടക്ക് പുറത്ത് എന്ന് പറയാനോ, സെല്‍ഫി എടുക്കുമ്പോള്‍ കൈ തട്ടിമാറ്റാനോ ഞാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതിയില്‍ സന്തോഷമുള്ളയാളാണ്. എന്റെ ദൗത്യം കേരളത്തില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരിക എന്നതാണ്. നാളെ എന്ത് കിട്ടുന്നുവെന്നതല്ല പ്രശ്‌നം. യുഡിഎഫിനെ തിരികെ കൊണ്ടുവരുക എന്ന ചരിത്ര ദൗത്യമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
വലിയ വെല്ലുവിളികള്‍ ഉള്ള കാലത്തും ഹരിപ്പാടുകാരാണ് വിജയിപ്പിച്ചത്. ഹരിപ്പാട് ജീവിതത്തിന്റെ ഭാഗമാണ്. എന്റെ അമ്മയെ പോലെ കാണുന്ന മണ്ഡലമാണ്. നേമത്ത് നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.