ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലുള്ള ഇന്ത്യ- ചൈന പത്താംവട്ട ചര്‍ച്ച പൂര്‍ത്തിയായി. രാവിലെ 10 മണിയോടെ ആരംഭിച്ച ചര്‍ച്ച രാത്രി 10 വരെ നീണ്ടു. ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്ന കാര്യമായിരുന്നു ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയിലെ പ്രധാന വിഷയം.

യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് പ്രദേശമായ മാള്‍ഡയിലായിരുന്നു ചര്‍ച്ച. സംഘര്‍ഷ മേഖലകളായ ഹോട് സ്പ്രിംഗ്, ഗോര്‍ഗ, ദെപ്‌സാംഗ് എന്നീ മേഖലകളിലെ സൈനിക പിന്മാറ്റം സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും പ്രധാനമായും ചര്‍ച്ച ചെയ്തത്. പൂര്‍ണ്ണ പ്രശ്‌നപരിഹാരത്തിനായി സൈനിക പിന്മാറ്റത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും, ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇരു രാജ്യങ്ങളും സംസാരിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ് സോ മേഖലയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായിട്ടുണ്ട്. സൈനിക പിന്മാറ്റം പൂര്‍ത്തിയായാല്‍ 48 മണിക്കൂറിനുള്ളില്‍ ചൈനയുമായി ചര്‍ച്ച നടത്താമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. മേഖലകളിലെ സൈനിക പിന്മാറ്റം വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്.