ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധ്യക്ഷനാക്കി നീതി ആയോഗിന്റെ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ഇതിന് പുറമെ മുഖ്യമന്ത്രിമാരെ സമിതിയുടെ അംഗങ്ങളാക്കി. കേന്ദ്ര മന്ത്രിസഭ സെക്രട്ടേറിയേറ്റ് പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്. പുതിയ മാറ്റം ആവശ്യമായത് കൊണ്ടാണ് നീതി ആയോഗിന്റെ ഭരണ സമിതിയില്‍ ഇത്രയും വലിയ മാറ്റം വരുത്തിയതെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ഭരണ സമിതി അംഗങ്ങളാവും. ആഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപിലെയും ലഡാക്കിലെയും ലഫ്റ്റനന്റ് ഗവര്‍ണര്‍, ഛണ്ഡീഗഡ്, ദാദ്ര-നഗര്‍ ഹവേലി ആന്‍ഡ് ദാമന്‍-ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഭരണ സമിതി തലവന്മാരും കൗണ്‍സിലില്‍ പ്രത്യേക ക്ഷണിതാക്കളാകും.