രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക. പുനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ഡല്‍ഹി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്‌സിന്‍ എത്തിക്കും. തുടര്‍ന്ന് രാജ്യത്തെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് വാക്‌സിനുകള്‍ മാറ്റും.

യാത്ര വിമാനങ്ങളിലാണ് വാക്‌സിനുകള്‍ എത്തിക്കുക. ഉള്‍പ്രദേശങ്ങളില്‍ വാക്‌സിന്‍ വിതരണത്തിനായി വ്യോമസേനയെ രംഗത്തിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ജില്ലകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് ഡ്രൈ റണ്‍ നടക്കും. വാക്‌സിന്‍ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താന്‍ സാധിക്കുന്നു എന്ന് പരിശോധിക്കുന്നതിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്ന് ഡ്രൈറണ്‍ നടത്തുന്നത്. കഴിഞ്ഞ ഡ്രൈ റണ്ണുകളില്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന് അന്തിമമായി ഉറപ്പാക്കുന്നതും ഇന്നത്തെ ഡ്രൈ റണ്ണിലൂടെ ആയിരിക്കും.