പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റുകള്‍ ആവശ്യപ്പെടും. ആകെയുള്ള 294 സീറ്റുകളില്‍ 100 എണ്ണം തരണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുക. രാഹുല്‍ ഗാന്ധിയുടെ നേത്യത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കോണ്‍ഗ്രസിന് 50 നും 60 ഇടയില്‍ സീറ്റുകള്‍ നല്‍കാനാണ് ഇപ്പോള്‍ സിപിഐഎം ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കുമ്പോള്‍ മറുപടി നല്‍കുമെന്ന് സിപിഐഎം പശ്ചിമ ബംഗാള്‍ ഘടകം വ്യക്തമാക്കി.

സിപിഐഎം ഉള്‍പ്പെട്ട ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ഒരുമിച്ചാണ് പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്ഥാനാര്‍ത്ഥികളെ നേരത്തെ നിശ്ചയിച്ച് പരമാവധി നേരത്തെ പ്രചാരണം ആരംഭിക്കാന്‍ സഖ്യം തിരുമാനിച്ചിരുന്നു. അതിന്റെ മുന്നോടിയായുള്ള വിഷയങ്ങളാണ് സംസ്ഥാന ഘടകം ദേശിയ നേതൃത്വവുമായി ചര്‍ച്ച ചെയ്തത്. ദേശീയ നേതൃത്വത്തെ പ്രതിനിധികരിച്ച രാഹുല്‍ ഗാന്ധി ബീഹാറിലെ പാഠം ഉള്‍ക്കൊണ്ട് തന്ത്രങ്ങള്‍ തയാറാക്കാന്‍ സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ നൂറു സീറ്റുകള്‍ ആവശ്യപ്പെടും.

തിങ്കളാഴ്ചയാണ് സഖ്യത്തിന്റെ യോഗം കൊല്‍ക്കത്തയില്‍ തിരുമാനിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് 100 സീറ്റുകള്‍ ആവശ്യപ്പെടാന്‍ തിരുമാനിച്ചതിനോട് സിപിഐഎം പ്രതികരിച്ചില്ല. ഔദ്യോഗികമായി ആവശ്യപ്പെടാതെ ഇക്കാര്യത്തില്‍ പ്രതികരണം നടത്തുന്നത് ഉചിതമല്ലെന്ന് സിപിഐഎം സംസ്ഥാന നേത്യത്വം പ്രതികരിച്ചു.