ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാളെ നിർണായക മത്സരം. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സാധ്യത നിലനിർത്തണമെങ്കിൽ നാളെ ജയിച്ചേ മതിയാവൂ. അതുകൊണ്ട് തന്നെ കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ തിരുത്തി കരുത്തോടെ തിരിച്ചുവരാനാവും കോലിയും കൂട്ടരും ശ്രമിക്കുക. മറുപുറത്ത് എല്ലാ മേഖലകളിലും ഏറെക്കുറെ ഗംഭീര പ്രകടനം കാഴ്ച വെച്ച ഓസീസാവട്ടെ ഒരു ജയം കൂടി സ്വന്തമാക്കി പരമ്പര സ്വന്തമാക്കാനാവും ശ്രമിക്കുക. സിഡ്നിയിൽ ഇന്ത്യൻ സമയം രാവിലെ 9.10നാണ് മത്സരം.

66 റൺസിൻ്റെ കനത്ത തോൽവി എന്നതിനപ്പുറം ആദ്യ മത്സരത്തിൽ കാഴ്ച വെച്ച ഫീൽഡിലെ ദയനീയ പ്രകടനമാവും ഇന്ത്യൻ ടീമിനെ നിരാശപ്പെടുത്തിയിട്ടുണ്ടാവുക. അനായാസ ക്യാച്ചുകൾ പോലും നിലത്തിട്ട ഫീൽഡർമാരും ഓർഡിനറി ബൗളിംഗ് പ്രകടനം കാഴ്ച വെച്ച ബൗളർമാരും ഒരുപോലെ നിരാശപ്പെടുത്തി. ഒപ്പം, ഒരു ചേസ് എങ്ങനെ കൊണ്ടുപോകണമെന്ന ബോധ്യമില്ലാതെ ടി-20 മൈൻഡ്സെറ്റിൽ നിന്ന് പുറത്തുകടക്കാത്ത ബാറ്റിംഗ് നിരയും ഇന്ത്യയുടെ പരാജയങ്ങളായിരുന്നു. പ്രത്യേകിച്ച് വിരാട് കോലിയും മായങ്ക് അഗർവാളും. കണ്ണും പൂട്ടിയുള്ള അറ്റാക്കാണ് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയത്.

സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ എന്ന നിലയിൽ ഹർദ്ദിക് പാണ്ഡ്യ എത്ര മാത്രം മികച്ച ചോയിസ് ആണെന്നത് കഴിഞ്ഞ മത്സരത്തിൽ കണ്ടെങ്കിലും ആറാമതൊരു ബൗളിംഗ് ഓപ്ഷൻ ഇല്ലെന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. പാണ്ഡ്യ പന്തെറിഞ്ഞ് തുടങ്ങിയാൽ മാത്രമേ ഈ പ്രതിസന്ധി ഒഴിയൂ. ശിവം ദുബേയോ വിജയ് ശങ്കറോ പാണ്ഡ്യക്ക് പകരമാവില്ല. ഹാർഡ് ഹിറ്റർ എന്ന ക്ലീഷേ ലേബലിൽ നിന്ന് പുറത്തുകടന്ന് പാണ്ഡ്യ കളിച്ച ഇന്നിംഗ്സ് അയാളിലെ ക്രിക്കറ്റർ എത്രത്തോളം പക്വതയുള്ളവനായെന്നതിനു തെളിവാണ്. ആദ്യ ലിസ്റ്റ് എ കരിയർ സെഞ്ചുറിക്ക് 10 റൺസ് അകലെ നിൽക്കുമ്പോൾ ടീമിനു വേണ്ടി കൂറ്റൻ ഷോട്ട് കളിച്ച് പുറത്തായ അദ്ദേഹമാണ് ഇന്നലത്തെ മത്സരത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച.

നവദീപ് സെയ്നി എത്രത്തോളം മികച്ച ബൗളർ ആണെന്നത് അയാൾ തെളിയിക്കേണ്ടിയിരിക്കുന്നു. ഒരുവേള സെയ്നിക്ക് പകരം നടരാജനെത്തിയാൽ ഡെത്ത് ഓവറുകളിൽ ഒരു ചോയിസ് കൂടി ഇന്ത്യക്ക് ലഭിക്കും. പരുക്കിനു ശേഷം ബുംറ നിറം മങ്ങിയതും ഇന്ത്യയെ ഭീതിപ്പെടുത്തുന്നുണ്ട്. ഭുവനേശ്വർ കുമാർ പരുക്കേറ്റ് പുറത്തായതു കൊണ്ട് തന്നെ ബുംറ ഫോമിലെത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. സെയ്നി-നടരാജൻ സ്വാപ്പ് മാത്രമാണ് ഇന്ത്യയിൽ വന്നേക്കാവുന്ന മാറ്റം. തരക്കേടില്ലാതെ ബാറ്റ് ചെയ്യാനറിയാം എന്നതുകൊണ്ട് അദ്ദേഹം തുടരാനും സാധ്യതയുണ്ട്. ഏകദിനത്തിൽ ഒരു ഇന്ത്യൻ സ്പിന്നറുടെ ഏറ്റവും മോശം ഫിഗർ എന്ന റെക്കോർഡ് സ്വന്തമാക്കിയെങ്കിലും ചഹാൽ ടീമിൽ തുടർന്നേക്കും.

സ്റ്റോയിനിസിൻ്റെ പരുക്ക് മാറ്റി നിർത്തിയാൽ ഓസ്ട്രേലിയക്ക് മറ്റ് തലവേദനകളില്ല. പരുക്ക് മാറിയില്ലെങ്കിൽ പകരം മോയിസൻ ഹെൻറിക്കസ് റ്റീമിൽ എത്തിയേക്കും. കാമറൂൺ ഗ്രീനിനും സാധ്യതയുണ്ട്.