മുസ്‍ലിം ലീഗിന് പിന്നാലെ വിമതര്‍ക്കെതിരെ കടുത്ത നടപടിയുമായി കോണ്‍ഗ്രസും. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന വിമതരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി തുടങ്ങി. പുറത്താക്കപ്പെടുന്നവരെ തിരിച്ചെടുക്കില്ലെന്ന മുന്നറിയിപ്പും കെ.പി.സി.സി നേതൃത്വം നല്‍കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം വിമതരായി മത്സരിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള കാലപരിധി അവസാനിച്ചതിന് പിന്നാലെ തന്നെ വിമതന്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കെ.പി.സി.സി നേതൃത്വം നിര്‍ദേശം നല്‍കി.

മണ്ഡലം കമ്മറ്റികളുടെ റിപ്പോര്‍ട്ട് പരിഗണിച്ച്‌ ഡിസിസി പ്രസിഡന്‍റുമാരാണ് നടപടിയെടുക്കുന്നത്. ആറ് വര്‍ഷത്തേക്കാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നത്. തിരുവനന്തപുരത്ത് 11 വിമതന്‍മാരെയും പാലക്കാട് 13 പേരേയും വയനാട്ടില്‍ 12 പേരെയും പുറത്താക്കി. ഇപ്പോള്‍ പുറത്താക്കുന്നവരെ കാലപരിധി പൂര്‍ത്തിയാകാതെ തിരിച്ചെടുക്കരുതെന്ന കര്‍ശന നിര്‍ദേശവും കെ.പി.സി.സി നല്‍കിയിട്ടുണ്ട്. മുമ്ബ് കാലങ്ങളില്‍ അച്ചടക്ക നടപടികള്‍ മരവിപ്പിച്ചത് പോലെ ഇത്തവണ ഉണ്ടാകില്ലെന്നാണ് കെ.പി.സി.സി നേതൃത്വം പറയുന്നത്.