ചിക്കാഗോ: കുടുംബ ബന്ധങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട ആഗോള മലയാളി കൂട്ടായ്മയായ ‘എംപാഷ ഗ്ലോബലിന്റെ വെബ്‌സൈറ്റ്, പ്രമുഖ മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറും എംപാഷ ഗ്ലോബലിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട്  നവംബര്‍ 28ാം തീയതി ശനിയാഴ്ച നിര്‍വഹിക്കും. പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ ന്യൂയോര്‍ക്ക് ടൈം രാവിലെ 11 മണിക്ക് ചേരുന്ന സൂം മീറ്റിംഗിലാണ് ഉദ്ഘാടനം.
ഫോമായുടെ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, ഫൊക്കാന മുന്‍ പ്രസിഡന്റ് മന്മഥന്‍ നായര്‍ പ്രമുഖ ഓങ്കോളജിസ്റ്റ്മാരായ ഡോ. എം.വി പിള്ള, ഡോ. സാറാ ഈശോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) സെക്രട്ടറിയായ ബിനു ജോസഫ് ആണ് എംപാഷ ഗ്ലോബലിന്റെ വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അദ്ദേഹം സൈറ്റിന്റെ വെബ് മാസ്റ്റര്‍ ആയി പ്രവര്‍ത്തിക്കും.
ഏഴ് അംഗ ഡയറക്ടര്‍ ബോര്‍ഡും എട്ട് അംഗ അഡൈ്വസറി ബോര്‍ഡും 52 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രൊഫഷണല്‍ കമ്മറ്റിയും 250 പേരുള്ള ഗ്ലോബല്‍ കമ്മറ്റിയുമാണ് എംപാഷ ഗ്ലോബലിനെ നയിക്കുന്നത്. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളുടെയും സജീവ സാന്നിദ്ധ്യം ആഗ്രഹിച്ചുകൊണ്ടാണ് പതിവ് സംഘടനാ ചട്ടക്കൂടില്‍നിന്ന് വ്യത്യസ്തമായി ‘എംപാഷ ഗ്ലോബല്‍’ രൂപീകരിക്കപ്പെട്ടിരിക്കുന്നത്.
അമേരിക്കയിലെ മലയാളി സംഘടനാരംഗത്ത് പ്രവര്‍ത്തിച്ച് സമൂഹത്തിന്റെ അംഗീകാരത്തിന് പാത്രമായവരും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും നേതൃത്വം നല്‍കുന്ന എംപാഷ ഗ്ലോബല്‍ ഏതെങ്കിലും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതോ നിശ്ചിത സമയത്ത് ഭാരവാഹികള്‍ മാറിമാറി വരുന്നതോ ആയ പ്രസ്ഥാനമല്ല. എംപാഷ ഗ്ലോബലിന്റെ ജനകീയ ലക്ഷ്യങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുടര്‍ച്ച ലഭിക്കുന്നതിനായി ഇതൊരു സ്ഥിരം സംവിധാനമായി പ്രവര്‍ത്തിക്കും. ലോക മലയാളി സമൂഹത്തിലെ വിവിധ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും എംപാഷ ഗ്ലോബലുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനാവും.
ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ അസ്വാരസ്യങ്ങളും തന്മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക വിഷമങ്ങളും ബോധവല്‍ക്കരണത്തിലൂടെയും ഉപദേശ നിര്‍ദേശങ്ങളിലൂടെയും അടിയന്തിരമായി പരിഹരിച്ച് സന്തോഷവും സമാധാനവും നിറഞ്ഞ, ആരോഗ്യകരമായ കുടുംബാന്തരീക്ഷം സംജാതമാക്കുക എന്ന മഹത്തായ ലക്ഷ്യപ്രാപ്തിക്കു വേണ്ടിയാണ് എംപാഷ ഗ്ലോബല്‍ പ്രവര്‍ത്തിക്കുക.
എംപാഷ ഗ്ലോബലിന്റെ വെബ്‌സൈറ്റ്:
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ (ചിക്കാഗോ): 847 322 1973, വിനോദ് കോണ്ടൂര്‍ (ഡിട്രോയിറ്റ്): 313 208 4952    :