പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു. റദ്ദാക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെ നിയമ ഭേദഗതി റദ്ദായി. നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ശനിയാഴ്ച ഒപ്പിട്ട ഗവര്‍ണര്‍ നാലാം നാള്‍ ആ ഓര്‍ഡിനന്‍സിനെ റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു.

എതിര്‍പ്പോ ആശങ്കയോ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായില്ല. മന്ത്രിസഭ അംഗീകരിച്ച റദ്ദാക്കല്‍ ഓര്‍ഡിനന്‍സിന് അതേപടി ഗവര്‍ണര്‍ അംഗീകാരം നല്‍കി. പൊലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സിപിഐഎം കേന്ദ്ര നേതൃത്വം ഇടപെട്ട് നിയമ ഭേദഗതി പിന്‍വലിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കലും അസത്യം പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി എന്നാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് ആധാരമായി പറഞ്ഞിരുന്നത്. പൊലീസിന് അമിതാധികാരം നല്‍കുന്നതാണ് ഭേദഗതിയെന്നായിരുന്നു മുഖ്യ വിമര്‍ശനം. ഇക്കാര്യത്തില്‍ ഇനി ഓര്‍ഡിനന്‍സിലൂടെയല്ലാതെ സഭയില്‍ ബില്ലവതരിപ്പിച്ച് നിയമമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

 

അതേസമയം പൊലീസ് നിയമ ഭേദഗതിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം. ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓര്‍ഡിനന്‍സിന്റെ പേരില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.

പൊലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സിപിഐഎം കേന്ദ്ര നേതൃത്വവും ഉള്‍പ്പെടെ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തി. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. തുടര്‍ന്ന് നിയമ ഭേദഗതി പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.